ക്വട്ടേഷന്‍ ആക്രമണം: നാലുപേര്‍ക്ക് ഗുരുതര പരിക്ക്

Monday 28 March 2016 8:33 pm IST

മാവേലിക്കര: ഈസ്റ്റര്‍ ദിനരാത്രിയില്‍ വീടുകയറി ക്വട്ടേഷന്‍ ആക്രമണം. തെക്കേക്കര പഞ്ചായത്തിലെ ഓലകെട്ടി വാര്‍ഡില്‍ ലിജുഭവനത്തില്‍ ജോണ്‍സണിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോണ്‍സണ്‍(60), ഭാര്യ മേരി(55), മകന്‍ ജോമോന്‍ (32), ജോമോന്റെ ഭാര്യാ പിതാവ് ഗീവര്‍ഗ്ഗീസ് ശാമുവേല്‍(52) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വരുന്ന രതീഷിന്റെ നേതൃത്വത്തില്‍ എത്തിയ പതിനഞ്ചോളം വരുന്ന അക്രമി സംഘമാണ് വീടുകയറി ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. ഈസ്റ്റര്‍ ചടങ്ങുകള്‍ക്കുശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അക്രമത്തില്‍ പരിക്കേറ്റവരെല്ലാം. രാത്രി പത്തരയോടെ വീടിന് ഏതാനും മീറ്റര്‍ പടിഞ്ഞാറുമാറി ജോമോനാണ് ആദ്യം ഇവരുടെ ആക്രമത്തിനിരയായത്. അതിനുശേഷം ജോണ്‍സണിന്റെ വീട്ടില്‍ എത്തിയ ആക്രമികള്‍ ഗീവര്‍ഗീസിനെയും ജോണ്‍സണിനെയും തുടര്‍ന്ന് മേരിയേയും വടികളും ഇരുമ്പു ദണ്ഡും വടിവാളും മറ്റുമായി ആക്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ കയറിയ അക്രമികള്‍ വീട്ടുപകരണങ്ങളും വീടിന്റെ ഗ്ലാസ്സുകളും തല്ലിത്തകര്‍ത്തു. മേരിയുടെ മൂന്നര പവന്റെയും ജോമോന്റെ രണ്ടര പവന്റെയും സ്വര്‍ണ്ണ മാലകള്‍ അക്രമത്തിനിടയില്‍ നഷ്ടപ്പെട്ടു. എല്ലാവര്‍ക്കും തലക്കും കൈകള്‍ക്കുമാണ് സാരമായ പരിക്കുകളുള്ളത്. അഞ്ചു ബൈക്കുകളിലും ഒരു കാറിലുമായാണ് അക്രമികള്‍ എത്തിയത്. കാര്‍ അക്രമം നടന്നതിന് കുറച്ചകലെയായി മാറ്റി പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു. ജോണ്‍സണിന്റെ വീടിനു മുന്നിലൂടെയാണ് രതീഷ് താമസിക്കുന്ന വാടകവീട്ടിലേക്കു പോകുന്നത്. പലപ്പോഴും ഇവരുടെ സൈ്വര്യ ജീവിതത്തിനു തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാര്‍ പാര്‍ക്കു ചെയ്ത് രതീഷും സുഹൃത്തുക്കളും കാറിലിരുന്നു മദ്യപിക്കാറുണ്ടായിരുന്നുവെന്നും ഇതിനെ ജോണ്‍സണ്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും പറയുന്നു. ജോമോന്റെ സഹോദന്‍ ലിജു നടത്തി വരുന്ന ഓലകെട്ടിയമ്പലത്തിലുള്ള കര്‍ട്ടന്‍ കടയും ആക്രമികള്‍ തല്ലിത്തകര്‍ത്തു. 108 ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുറത്തികാട് പോലീസ് കേസെടുത്തു. രതീഷ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.