തൊടുപുഴ, ഇടുക്കി സീറ്റുകളില്‍ സിപിഎം ഒളിച്ചുകളി തുടരുന്നു

Monday 28 March 2016 8:47 pm IST

ഇടുക്കി: തൊടുപുഴ, ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ സിപിഎം ജില്ലാ നേതൃത്വം ഉഴലുന്നു. ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഈ സീറ്റുകള്‍ നല്‍കേണ്ടിവരുമെന്നതിനാലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാത്തതെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. തൊടുപുഴയില്‍ സിപിഎം മത്സരിക്കുകയാണെങ്കില്‍ ജേക്കബ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് റോയി വാരിക്കാട്ടിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതായാണ് വിവരം. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും പ്രഖ്യാപനം ഉണ്ടാകാത്തത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കിയിരിക്കുകയാണ്. ഈ രണ്ട് മണ്ഡലങ്ങളിലും എന്‍ഡിഎയും യുഡിഎഫും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തൊടുപുഴയില്‍ ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം തേടുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ജേക്കബ് ഗ്രൂപ്പുകാരനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നത്. ഇദ്ദേഹം സ്ഥാനാര്‍ത്ഥിയായാല്‍ തൊടുപുഴയിലെ മത്സരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണും യുഡിഎഫ് സ്ഥനാര്‍ത്ഥി പി. ജെ. ജോസഫും തമ്മിലാകുമെന്നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത്. എന്നാല്‍ റോയി വാരിക്കാട്ടിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി റ്റി. ആര്‍ സോമന്‍ പറഞ്ഞു. ഇടുക്കിയിലെ ഉടുമ്പന്‍ചോല ഒഴികെയുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് സജീവമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.