പാക്കിസ്ഥാനിലെ ചാവേര്‍ ആക്രമണം; മരണം 70 ആയി

Monday 28 March 2016 9:31 pm IST

സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 340ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 25 പേരുടെ നില ഗുരുതരം. സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ശക്തമായ അന്വേഷണം തുടങ്ങിയതായി പാക് സൈനിക വക്താവ് അസിം ബജ്‌വ പറഞ്ഞു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തട്ടകമാണ് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോര്‍. സ്‌ഫോടനം നടന്ന പാര്‍ക്കിനു സമീപം ജനവാസ കേന്ദ്രങ്ങളാണ്. ഈസ്റ്റര്‍ അവധിയായതിനാലല്‍ നിരവധി പേര്‍ ഇവിടെ ഒത്തുകൂടിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്റെ ഉപവിഭാഗമായ ജമാഅത്ത് ഉല്‍ അഹറര്‍ ഞായറാഴ്ച രാത്രി തന്നെ ഏറ്റെടുത്തിരുന്നു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് സംഘടനാ വക്താവ് എഹ്‌സാനുള്ള എഹ്‌സാന്‍ പറഞ്ഞു. തങ്ങള്‍ ലാഹോറിലെത്തിയെന്ന് നവാസ് ഷെരീഫിന് മുന്നറിയിപ്പു നല്‍കുക ഉദ്ദേശമെന്നും എഹ്‌സാന്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍ താലിബാനില്‍നിന്ന് വിട്ടുപോന്നവരാണ് പാക് താലിബാന്റെ പിന്നണിയില്‍. ഐഎസുമായി സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ഇരയായത് കൂടുതലും മുസ്ലിങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് ജനസംഖ്യയില്‍ രണ്ട് മില്യണ്‍ മാത്രമാണ് ക്രിസ്ത്യന്‍ ജനസംഖ്യ. 2014 ഡിസംബറില്‍ പെഷവാറിലെ സൈനിക സ്‌കൂളിലുണ്ടായ ചാവേറാക്രമണത്തിനു ശേഷമുള്ള വലിയ ആക്രമണമാണ് ലാഹോറിലേത്. പെഷവാറില്‍ 134 കുട്ടികള്‍ കൊല്ലപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.