കേരളം വേലുത്തമ്പിയെ ആഗ്രഹിക്കുന്നു: കുമ്മനം

Monday 28 March 2016 5:24 pm IST

കുണ്ടറ: കേരളം വേലുത്തമ്പി ദളവയെ വീണ്ടും ആഗ്രഹിക്കുന്ന കാലമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭരണത്തിലേറുമ്പോള്‍ 25 ലക്ഷം രൂപയുടെ കടമുണ്ടായിരുന്ന തിരുവിതാംകൂറിനെ ആറു വര്‍ഷത്തെ സംഘര്‍ഷഭരിതമായ ഭരണകാലത്തിനിടയിലും സമൃദ്ധിയുടെ കാലത്തേക്കുയര്‍ത്തിയ ഭരണകര്‍ത്താവായിരുന്നു അദ്ദേഹം. സമകാലിക രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ പിടിപ്പുകേട് മൂലം നാം ഇന്ന് 45 ലക്ഷം കോടി രൂപയുടെ കടക്കാരാണ്. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന പുതിയ കാലഘട്ടത്തില്‍ വേലുത്തമ്പിയുടെ ധര്‍മ്മനിഷ്ഠയാണ് കേരളം ആഗ്രഹിക്കുന്നതെന്നും വീരശ്രീ വേലുത്തമ്പി ദളവാ സേവാസമിതി ഏര്‍പ്പെടുത്തിയ ഒമ്പതാമത് വേലുത്തമ്പി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. നമ്മുടെ തലമുറയെ ധന്യമാക്കണമെന്ന് ചിന്തിക്കേണ്ടതിന് പകരം സ്വന്തം തലമുറയെ ധനികമാക്കി തീര്‍ക്കാനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഭരണാധികാരികള്‍ക്ക് നാടിനോടുള്ള വിധേയത്വം ഇല്ലാതായിരിക്കുന്നു. അതിന് കാരണം അവരുടെ സ്വാര്‍ത്ഥമനോഭാവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരേണ്ട വിദ്യാകേന്ദ്രങ്ങള്‍ രാജ്യദ്രോഹപ്രവര്‍ത്തനത്തിലേക്ക് എത്തിനില്‍ക്കുന്നു. രാജ്യദ്രോഹപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ ആദരിക്കപ്പെടുന്നു. അധികാര കസേരകള്‍ മോഹിച്ച് ഭരണകര്‍ത്താക്കള്‍ അവരെ പിന്തുണക്കുന്നു. നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര യോദ്ധാക്കളെ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കും ആവശ്യമില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് സിയാച്ചിനില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ലാന്‍സ്‌നായിക് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുവാന്‍ കേരളത്തില്‍ നിന്നും ഒരു ഭരണകര്‍ത്താക്കളും എത്താതിരുന്നത്. അവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ലയെന്ന രീതിയാണ്. റിപ്പബ്ലിക് ദിവസം കേരളത്തിനെ പ്രതീനീധീകരിച്ച് ഒരു നിശ്ചലദൃശ്യവും ഇല്ലായിരുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് നമ്മുടെ അധികാരി വര്‍ഗത്തിന്റെ സ്വാര്‍ത്ഥതയാണ്. താന്‍ വളരണമെന്നാഗ്രഹിക്കുന്നു. അവര്‍ നാടിനെക്കുറിച്ച് ചിന്തിക്കുന്നില്ല. മഹാത്മാക്കളുടെ പുണ്യസങ്കേതത്തിലാണ് ഇത് നടക്കുന്നതെന്നത് ലജ്ജാകരമാണ്. വേലുത്തമ്പി ദളവയ്ക്ക് മരണമില്ല. കാരണം അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ചുമരിച്ച മഹാത്മാവാണ്. നമുക്കാവശ്യം നിഷേധാത്മക ഭരണമല്ല വേലുത്തമ്പിയുടെ ഭാവാത്മകഭരണമാണെന്നും കുമ്മനം പറഞ്ഞു. സേവാസമിതി ട്രഷറര്‍ എസ്.വിജയമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.