അജ്മാനില്‍ വന്‍ തീപിടിത്തം

Tuesday 29 March 2016 11:22 am IST

ദുബായ്: അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നോര്‍ത്ത് ദുബായിയിലെ അജ്മാന്‍ എമിറേറ്റ്സിലാണ് തീപിടുത്തമുണ്ടായത്. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് അജ്മാനില്‍ തീപിടുത്തമുണ്ടാവുന്നത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിലെ താമസക്കാരെ ഉടന്‍ തന്നെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ഒഴിപ്പിക്കലിനിടെ ചിലര്‍ക്ക് ചെറിയ പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് റിസ്ക്യൂ സംഘവും ആംബുലന്‍സും സ്ഥലതെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. രാത്രി ഏറെ വൈകിയും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു തീപിടുത്തം. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് 12 ടവറുകളുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ നിരവധി നിലകള്‍ക്ക് തീപിടിച്ചതായി അജ്മാന്‍ പോലീസ് ട്വീറ്റ് ചെയ്തു. കെട്ടിടത്തിന്റെ ആദ്യത്തെ ടവറിലേക്കാണ് തീ പടര്‍ന്നത്. ഇവിടം പൂര്‍ണമായും കത്തി നശിച്ചു. 12 ടവറുകളിലായി 3000 അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഷാര്‍ജ അതിര്‍ത്തിയിലുള്ള അഗ്നിബാധയുണ്ടായ അജ്മാന്‍ വണ്‍ കോംപ്ലക്സ്. 2015 ഫെബ്രുവരിയില്‍ ദുബായിലെ ഏറ്റവും ഉയരമുള്ള പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായ ടോര്‍ച്ച്‌ സ്കൈസ്ക്രാപ്പറിലും അഗ്നിബാധ ഉണ്ടായിരുന്നു. സെന്‍ട്രല്‍ ദുബായിയെ 63 നിലയിലുള്ള അഡ്രസ് ഹോട്ടലില്‍ കഴിഞ്ഞ പുതുവര്‍ഷത്തിലും വന്‍ തീപ്പിടുത്തമുണ്ടായിരുന്നു. 16 പേര്‍ക്കായിരുന്നു തീപ്പിടുത്തത്തില്‍ പരിക്കേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.