കാശ് വാങ്ങി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു : പി.സി ജോര്‍ജ്

Tuesday 29 March 2016 1:42 pm IST

കോട്ടയം: കാശ് വാങ്ങിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് പി.സി ജോര്‍ജ്. ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായിയെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇടതുമുന്നണി തന്നോട് ചതിയും നെറികേടുമാണ് കാണിച്ചത്. പൂഞ്ഞാര്‍ സീറ്റ് തനിക്ക് നല്‍കാമെന്ന് പിണറായി ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍, ഇടതുമുന്നണി കാശ് വാങ്ങി സീറ്റു മറ്റുള്ളവര്‍ക്കു കൊടുത്തു. എന്നാൽ തന്റെ സഹായത്തോട് കൂടി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്ന മണ്ഡലങ്ങളിൽ പിന്തുണ തുടരും. തന്നെ ചതിച്ചു എന്നു കരുതി അഞ്ചു വർഷത്തേക്ക് ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറാൻ താൻ ഒരുക്കമല്ലെന്നും ജോർജ് വ്യക്തമാക്കി. ഗണേഷ്‌കുമാറിനും കോവൂര്‍ കുഞ്ഞുമോനും സീറ്റുകള്‍ നല്‍കിയപ്പോള്‍ എന്തുകൊണ്ട് തന്നെ ഒഴിവാക്കിയെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കണം. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി അപഹാസ്യനാക്കിയതിനു തുല്യമാണ് ഇടതുനിലപാടെന്നും ജോര്‍ജ് പറഞ്ഞു. ഇടതുമുന്നണി സീറ്റ് നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിക്കും. ഏപ്രിൽ 22ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തനിക്ക് പൂഞ്ഞാറിൽ എത്ര വോട്ടുണ്ടെന്ന് തെളിയിക്കുമെന്നും ജോർജ് പറഞ്ഞു. കോട്ടയത്തെ ഒരു മണ്ഡലത്തിലും ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിന് ഇരുന്നൂറ് വോട്ടിൽ കൂടുതൽ ഇല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.