നൃത്യധാമത്തിലെ രേഖ

Friday 1 April 2016 7:26 pm IST

മൂന്നര വയസ്സുള്ളപ്പോള്‍ നൃത്തത്തിന്റെ ലോകത്തെത്തിയതാണ് ഡോ. രേഖ രാജു. അമ്മയുടെ വിരലില്‍ തൂങ്ങി പദ്മിനി രാമചന്ദ്രന്റെ കീഴില്‍ നൃത്തം പഠിക്കാനെത്തുമ്പോള്‍ ആ കുഞ്ഞുമനസ്സ് നിറയെ നൃത്തത്തോടുള്ള ഇഷ്ടമായിരുന്നു. എന്നാല്‍ അവള്‍ കൊച്ചുകുട്ടിയല്ലേ എന്നുകരുതി മുതിര്‍ന്ന കുട്ടികളെ പഠിപ്പിക്കുന്നത് നോക്കിയിരിക്കാനായിരുന്നു അവളോട് പറഞ്ഞത്. എന്നാല്‍ അതുനോക്കി ക്ഷമയോടിരിക്കാനൊന്നും കുഞ്ഞു രേഖ തയ്യാറായിരുന്നില്ല. തന്നേയും നൃത്തം പഠിപ്പിച്ചുതുടങ്ങണമെന്ന ശാഠ്യവുമായി ടീച്ചറിന്റെ പിന്നാലെ കൂടി. ആ നിര്‍ബന്ധത്തില്‍ നിന്നും രക്ഷപെടുന്നതിനായി ടീച്ചര്‍ അവളെ നമസ്‌കാരം പഠിപ്പിച്ചു. വീട്ടിലെത്തി പരിശീലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. അവിടെ തുടങ്ങുകയായിരുന്നു രേഖയുടെ നൃത്തപഠനം. നാലരവയസിലായിരുന്നു ആദ്യമായി വേദിയിലെത്തിയത് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഭരതനാട്യമാണ് അന്ന് ആ വേദിയില്‍ രേഖ അവതരിപ്പിത്. കല്‍പ്പാത്തിയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബാംഗങ്ങളായ ജയലക്ഷ്മി രാഘവന്റേയും രാജുവിന്റേയും ഏകമകളാണ് രേഖ. അമ്മയ്ക്ക് സംഗീതത്തില്‍ വാസനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രേഖയ്ക്കും ഇഷ്ടം സംഗീതം പഠിക്കുന്നതിനായി. പിന്നീട് ആ ഇഷ്ടം നൃത്തത്തിന് വഴിമാറുകയായിരുന്നു. കല്‍പ്പാത്തിയില്‍ നിന്നും പിന്നീട് ബംഗളൂരിലേക്ക് പറിച്ചുനടപ്പെട്ടപ്പോഴും നൃത്തം ഉപേക്ഷിച്ചില്ല. ഭരതനാട്യത്തില്‍ നിന്നും മോഹിനിയാട്ടത്തിനോട് പ്രിയം കൂടിയപ്പോള്‍ പ്രൊഫ. എ.ജനാര്‍ദ്ദനന്റെ മേല്‍നോട്ടത്തില്‍ മോഹിനിയാട്ടത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി. കലാമണ്ഡലം ഉഷാ നാഥനും ഗോപികാ വര്‍മയുമാണ് മോഹിനിയാട്ടത്തിലെ ഗുരുക്കന്മാര്‍. ഒട്ടനവധി വേദികളില്‍ നൃത്തമാടിയ രേഖ ബംഗളൂരുവില്‍ സ്വന്തമായി നൃത്യധാമ ടെമ്പിള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയവും നടത്തുന്നു. പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ എന്ന ഭേദമില്ലാതെ ഇവിടെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, നൃത്തത്തോട് ആഭിമുഖ്യമുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യസേവനത്തിനുള്ള അവസരമായാണ് ഇതിനെ അവര്‍ കാണുന്നത്. തുടക്കം ഭരതനാട്യത്തിലായിരുന്നുവെങ്കിലും മോഹിനിയാട്ടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതൊരു നര്‍ത്തകിയേയും പോലെ ഇവിടെയും പരീക്ഷണങ്ങള്‍ നടത്താറുണ്ട് രേഖ, പക്ഷേ അത് അതിന്റെ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടാണെന്ന് മാത്രം. നൃത്യധാമയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, മൃദംഗം മുതലായവയാണ് പഠിപ്പിക്കുന്നത്. ഡാന്‍സില്‍ മാത്രം 350 ഓളം പേര്‍ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തിന്റെ ഉദയം. യുഎസ്, യുകെ എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ളവരും ഇവിടെ വിദ്യാര്‍ത്ഥികളായുണ്ട്. വീട്ടമ്മമാര്‍ക്കും ഇവിടെ ക്ലാസെടുക്കുന്നുണ്ട്. നൃത്തത്തോടൊപ്പം സാമുഹിക സേവനത്തിന്റെ പാതയിലും രേഖയുണ്ട്. ക്രിസ്റ്റല്‍ ഹൗസ് പോലുള്ള എന്‍ജിഒകള്‍, കുട്ടികള്‍ക്കായുള്ള സെന്റ് തെരേസ ഹോം, ഫ്രീഡം ഫൗണ്ടേഷന്‍ എന്നിവയുമായും ബന്ധപ്പെട്ടും രേഖ പ്രവര്‍ത്തിക്കുന്നു. നൃത്തത്തില്‍ മാത്രമല്ല രേഖ മികവ് തെളിയിച്ചിരിക്കുന്നത്. അക്കാദമിക് തലത്തില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ നേടിയിട്ടുണ്ട്. എല്ലാമാസവും തന്റെ ഡാന്‍സ് സ്റ്റുഡിയോയില്‍ കള്‍ച്ചറല്‍ ഇവന്റുകളും രേഖ സംഘടിപ്പിക്കാറുണ്ട്. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ മോഹിനിയാട്ടത്തിനുവേണ്ടിയുള്ള വിദഗ്ധ സമിതി അംഗം കൂടിയാണ് രേഖ. യുവ കലാ ഭാരതി, നൃത്യ രഞ്ജിനി, നൃത്യ കൗമുദി, യുവകലാ പ്രതിഭ, സ്വര്‍ണമുഖി, നൃത്യവര്‍ഷ ദീപിക തുടങ്ങിയവ രേഖയെ തേടിയെത്തിയ പുരസ്‌കാരങ്ങളില്‍ ചിലതുമാത്രം. 2016 ല്‍ നാഗ്പൂരില്‍ നടന്ന നൃത്തോത്സവത്തില്‍ ഭാരത് നൃത്യ സാമ്രാട്ട് പുരസ്‌കാരത്തിനും അര്‍ഹയായിരുന്നു. ആ വേദിയില്‍ അവതരിപ്പിച്ച മോഹിനിയാട്ടത്തെ അവര്‍ കലാസ്വാദകര്‍ വിസ്മയത്തോടെയാണ് കണ്ടത്. മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലായി സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും മോഹിനിയാട്ടത്തിനായി പരിശീലനക്കളരികളും സംഘടിപ്പിച്ചിട്ടുണ്ട്. നൃത്തത്തോടാണ് രേഖയ്ക്കിപ്പോള്‍ പ്രണയം കൂടുതലുള്ളത്. അതും മോഹിനിയാട്ടത്തോട്, അതുവിട്ട് വേറൊന്നും രേഖ ചിന്തിക്കുന്നുമില്ല. -വിവി  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.