കോണ്‍ഗ്രസിലെ കലാപം മുതലെടുക്കാന്‍ സിപിഎം ; ജനാഭിപ്രായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി

Tuesday 29 March 2016 8:10 pm IST

  മാനന്തവാടി : പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പോസ്റ്റര്‍ കലാപം തിരഞ്ഞെടുപ്പടുത്തതോടെ മൂര്‍ദ്ധന്യാവസ്ഥയില്‍. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. പോസ്റ്ററൊട്ടിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനും ശ്രമമുണ്ട്. എന്നാല്‍ നടപടികള്‍ ഇപ്പോള്‍ വേണ്ടെന്നും അത് തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നുമാണ് നേതൃത്വതത്തിന്റെ നിലപാട്. എന്നാല്‍ ഇടത്-വലത് മുന്നണികളുടെ ജനദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്തിയും കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനോപകാര പദ്ധതികളും ചൂണ്ടികാട്ടിയാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സാരഥി കെ.മോഹന്‍ദാസ് പ്ര ചാരണത്തിനിറങ്ങിയിട്ടുള്ളത്. പ്രചാരണസമയങ്ങളില്‍ വോട്ടര്‍മാരില്‍നിന്നും ലഭിക്കുന്ന പിന്തുണയെ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കാണുന്നത്. യുഡിഎഫ് ബാനറില്‍ മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായ മന്ത്രി പി.കെ.ജയലക്ഷ്മി കോണ്‍ഗ്രസുകാര്‍ക്കിടയില്‍ സര്‍വസമ്മതയല്ലെന്ന് വ്യക്തമായതാണ് എല്‍ഡിഎഫിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. തിരുനെല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ മെമ്പറുമായ ഒ.ആര്‍.കേളുവാണ് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമിതിയംഗവുമാണ് കേളു. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം അടുത്തദിവസം പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കാട്ടിക്കുളം മാനിവയല്‍ ആലത്തൂര്‍ കെ.മോഹന്‍ദാസ് നിലവില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. ആര്‍എസ്എസിലൂടെ പൊതുരംഗത്തുവന്ന മോഹന്‍ദാസ് ഏഴ് വര്‍ഷത്തോളം പ്രചാരകനായി പ്രവര്‍ത്തിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ്, ജില്ലാ ബൗദ്ധിക് പ്രമുഖ്, ഹിന്ദു ഐക്യവേദി ജില്ലാസംഘടനാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസുകാരടക്കം സമ്മതിദായകര്‍ തന്നെ വീണ്ടും നെഞ്ചേറ്റുമെന്ന വിശ്വാസത്തിലാണ് മന്ത്രിയും അനുചരവൃന്ദവും. എന്നാല്‍ മന്ത്രിക്കെതിരെ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും ഇതിന്റെ പേരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം നാലു പേര്‍ക്കെതിരേ കെപിസിസി നടപടിയെടുത്തതും കോണ്‍ഗ്രസില്‍ തീരാകലഹമായി. ജയലക്ഷ്മിയോട് കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗത്തിനുള്ള അനിഷ്ടമാണ് പോസ്റ്ററുകളിലൂടെ വെളിച്ചംകണ്ടത്. കുറഞ്ഞകാലം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയനെ പോസ്റ്റര്‍ സംഭവത്തില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്. കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം.എം.നിഷാന്ത്, സി.എച്ച്.സുഹൈല്‍, എറമ്പയില്‍ മുസ്തഫ എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിട്ടുമുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടിയുടേയും യുവജന സംഘടനയുടേയും സജീവ പ്രവര്‍ത്തകരാണ് നടപടിക്ക് വിധേയരായ നാലുപേരും. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ചിലര്‍ മാത്രമാണ് പാര്‍ട്ടിതല അച്ചടക്ക നടപടിക്ക് വിധേയരായവരെന്ന് അഭിപ്രായപ്പെടുന്നവര്‍ യു ഡിഎഫില്‍ നിരവധിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ അപ്പാടെ കൈപ്പത്തി അടയാളത്തില്‍ പതിയില്ലെന്ന യാഥാര്‍ഥ്യമാണ് ജയലക്ഷ്മിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൂടെ മറനീക്കിയത്. ഇതിന്റെ പേരില്‍ പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടി എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെയുമായി. മാനന്തവാടി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുര്‍ന്ന് ഡി സിസി ജനറല്‍ സെക്രട്ടറി പി. വി.ജോണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഘടകത്തില്‍ ഉയര്‍ന്ന തീയും പുകയും ഇനിയും കെട്ടടങ്ങിയിട്ടില്ല. ജോണ്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ സില്‍വി തോമസ്, ജി.എസ്.ടി.യു മുന്‍ ജില്ലാ പ്രസിഡന്റും ഡിസി.സി അംഗവുമായ പി.കെ.രാജന്‍, പാര്‍ട്ടി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.ജോസ്, മുന്‍ ബ്ലോക്ക് സെക്രട്ടറി അഡ്വ.ജോസ് കുമ്പയ്ക്കല്‍, മണ്ഡലം സെക്രട്ടറി ലേഖ രാജീവന്‍ എന്നിവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു മുന്‍പ് മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന നന്ദിനി വേണുഗോപാല്‍, മകനും കെ.എസ്.യു ജില്ലാ സെക്രട്ടറിയുമായിരുന്ന വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ക്കെതിരേയും അച്ചടക്കലംഘനത്തിനു നടപടിയുണ്ടായി, 2011ലെ തെരഞ്ഞെടുപ്പില്‍ ജയലക്ഷ്മിയുടെ വിജയത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടി നടപടിക്ക് വിധേയരായ കോണ്‍ഗ്രസുകാരെല്ലാം. ഇക്കുറി ഇവരാരും തന്നെ പ്രചാരണരംഗത്ത് ഉണ്ടാകില്ല. ഇത് അനുകൂല ഘടകമാക്കാമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെയും കോണ്‍ഗ്രസിന്റെ അഴിമതി നിറ ഞ്ഞ സ്വജനക്ഷപാത രാഷ്ട്രീയത്തിനെതിരെയും ജനം വിധിയെഴുതുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബിജെപിയും. ലോക്‌സഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജകമണ്ഡലം പരിധിയില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി മണ്ഡലത്തില്‍ 8666 വോട്ടിനു മുന്നിലായിരുന്നു. മാനന്തവാടി മുന്‍സിപ്പാലിറ്റിയും തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, തിരുനെല്ലി, പനമരം, വെള്ളമുണ്ട പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മാനന്തവാടി അസംബ്ലി മണ്ഡലം. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് വിജയിച്ചത്. എന്നാല്‍ തദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്കു ണ്ടായ വന്‍ വോട്ട് വര്‍ദ്ധനവ് ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.