സിപിഎം അവഹേളനം ജെഎസ്എസ് നിര്‍ണായക യോഗം ഇന്ന്

Tuesday 29 March 2016 9:22 pm IST

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നല്‍കാതെ സിപിഎം അവഹേളിച്ച സാഹചര്യത്തില്‍ ജെഎസ്എസിന്റെ നിര്‍ണായക സംസ്ഥാന സെന്റര്‍ യോഗം ഇന്ന് നടക്കും. പാര്‍ട്ടി എന്‍ഡിഎയില്‍ അണിനിരക്കണമെന്നും, മറിച്ച് ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടണമെന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് ജെഎസ്എസില്‍ സജീവമായുള്ളത്. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന യോഗം അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. അതിനിടെ ബന്ധുവിന് സീറ്റ് ഉറപ്പിക്കാന്‍ വേണ്ടി ഗൗരിയമ്മ നടത്തിയ ശ്രമങ്ങളാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ ഗൗരിയമ്മ ഇതുവരെ അണികള്‍ക്കു മുന്നില്‍ മനസ്സു തുറക്കാന്‍ തയ്യാറായിട്ടില്ല. മാദ്ധ്യമ പ്രവര്‍ത്തകര്‍ പലതവണ സമീപിച്ചെങ്കിലും ഗൗരിയമ്മ പ്രതികരിച്ചില്ല. 1994ല്‍ ഗൗരിയമ്മ സിപിഎമ്മില്‍ നിന്നും പുറത്തായതിന് ശേഷം നാല് എംഎല്‍എമാരുമായി വരെ തലയുയര്‍ത്തി നിന്ന ജെഎസ്എസിന്റെ നിലനില്‍പ്പ് പോലും ഇന്ന് പ്രതിസന്ധിയിലാണ്. സീറ്റ് വാഗ്ദാനം നല്‍കി ജെഎസ്എസിനെയും ഗൗരിയമ്മയേയും വഴിയാധാരമാക്കിയ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നടപടിയില്‍ അണികളില്‍ അമര്‍ഷം ശക്തമാണ്. അച്യുതാനന്ദന്‍ സിപിഎമ്മില്‍ കയ്യാലപ്പുറത്ത് നിന്നപ്പോഴാണ് ഔദ്യോഗിക പക്ഷം ഗൗരിയമ്മയ്ക്ക് പിന്നാലെ നടന്നത്. എന്നാല്‍ ഇന്ന് വിഎസ് പാര്‍ട്ടിക്ക് വിനീതവിധേയനായ സാഹചര്യത്തില്‍ ഗൗരിയമ്മയെ സിപിഎമ്മിന് ആവശ്യമില്ല. ഗൗരിയമ്മയ്ക്ക് വേണമെങ്കില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാമെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനുള്ളതെന്നാണ് ജെഎസ്എസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.