ഉത്തരാഖണ്ഡില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

Tuesday 29 March 2016 9:56 pm IST

ന്യൂദല്‍ഹി: വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ ഉത്തരാഖണ്ഡ് സ്പീക്കറുടെ നടപടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചടിയായി. ഒന്‍പത് വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ ശനിയാഴ്ച അയോഗ്യരാക്കിയത്. ഇതോടെ 71 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. നിലവിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് 28 എംഎല്‍എമാരും കോണ്‍ഗ്രസിന് 27 പേരുമാണുള്ളത്. നിയമം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണ്ണര്‍ക്ക് ഇനി ബിജെപിയെ മാത്രമേ ആദ്യം ക്ഷണിക്കാനാകൂ എന്ന അവസ്ഥ സംസ്ഥാനത്ത് സംജാതമായിട്ടുണ്ട്. കോണ്‍ഗ്രസിന് 36 എംഎല്‍എമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ ഒന്‍പത് വിമത എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. വിമതര്‍ക്ക് വിശ്വാസവോട്ടിന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കൈക്കൂലി നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരിമായി ഇടപെട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ ഉത്തരാഖണ്ഡ് നിയമസഭയിലെ അംഗസംഖ്യ 62 ആയിട്ടുണ്ട്. ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 32 പേരുടെ പിന്തുണ ആവശ്യമാണ്. ബിഎസ്പിക്ക് രണ്ട് അംഗങ്ങളും നാലു സ്വതന്ത്രരുമാണ് ബിജെപി-കോണ്‍ഗ്രസ് ഇതര അംഗങ്ങളായി സഭയിലുള്ളത്. നിലവിലെ അനിശ്ചിതത്വങ്ങള്‍ മാറി ഏതെങ്കിലും ഒരു പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കണമെങ്കില്‍ ആതാദ്യം ബിജെപിയെ വേണമെന്ന നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണ ബിജെപിക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രരും ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. നാളെ വിശ്വാസ വോട്ട് തേടാന്‍ കോടതി ഉത്തരവ് ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടാന്‍ നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്പീക്കര്‍ അേയാഗ്യരാക്കിയ ഒന്‍പത് വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നാളെ രാവിലെ 11ന് വിശ്വാസവോട്ട് തേടാനാണ് നിര്‍ദ്ദേശം. ഈ സമയത്ത് നൈനിറ്റാള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നിരീക്ഷകനായി പങ്കെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച് അദ്ദേഹം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് കോടതി അതിനനുസൃതമായ ഉത്തരവ് പുറപ്പെടുവിക്കും. ഈ ഒന്‍പതു പേരുടെ വോട്ടുകള്‍ പ്രത്യകമായി പരിഗണിക്കും,രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ സഭയില്‍ വോട്ട് തേടാനുള്ള കോടതിയുടെ ഉത്തരവ് അസാധാരണമാണെന്ന് ബിജെപി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.