ക്ഷേത്ര കവര്‍ച്ച: അടിമാലി സ്വദേശി പിടിയില്‍

Tuesday 29 March 2016 9:54 pm IST

മുണ്ടക്കയം: പെരുവന്താനം ബോയ്‌സ് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ അടിമാലി, മന്നം കണ്ടം, കുറത്തികുടി കരയില്‍ ആറാട്ടു കടവു വീട്ടില്‍ മുത്തയ്യയുടെ മകന്‍ ജയരാജ് (സ്‌പൈഡര്‍ ജയരാജ് -26)നെയാണ് പെരുവന്താനം എസ്.ഐ. വി. കെ. മുരളീധരന്റെ നേതൃത്വത്തിലുളള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്ത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനു രാത്രിയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. സംഭവം സംബന്ധിച്ചു പെരുവന്താനം പോലീസ് പറയുന്നതിങ്ങനെ- രാത്രി 8.30ഓടെ ബോയ്‌സ് ക്ഷേത്രത്തിനടുത്തെത്തിയ ജയരാജ് ക്ഷേത്രത്തിനു പിന്നിലെ റബ്ബര്‍തോട്ടത്തില്‍ കിടന്നുറങ്ങിയ ശേഷം രാത്രി പത്തുമണിയോടെ ക്ഷേത്ര വളപ്പില്‍ കയറി. ക്ഷേത്ര പരിസരത്തുകിടന്ന കമ്പി ഉപയോഗിച്ചു സ്റ്റോര്‍ റൂമിന്റെ പൂട്ടു തകര്‍ക്കുകയും അവിടെ നിന്നും പിക്കാസ്, കോടാലി അടക്കമുളള ആയുധങ്ങള്‍ എടുത്ത് ശ്രീകോവിലുകളിലെ പൂട്ടും കാണിക്ക വഞ്ചികളും തകര്‍ത്തു സ്വര്‍ണവും പണവും കവരുകയായിരുന്നു. തുടര്‍ന്നു ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയെങ്കിലും വിരലടയാള പരിശോധനയില്‍ രണ്ടു ചാന്‍സ് പ്രിന്റ് കിട്ടിയത്രെ. ഇതില്‍ നടത്തിയ പരിശോധനയിലാണ് കുപ്രസിദ്ധമോഷ്ടാവ് സ്‌പൈഡര്‍ ജയരാജിന്റേതാണന്നറിയുന്നത്. ഇടുക്കി എസ്.പി.യുടെ പ്രത്യേകനിര്‍ദേശമനുസരിച്ചു പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയും ഇയാളെ പിടികൂടാന്‍ ശ്രമം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് ഇടുക്കി, ചെറുതോണിയില്‍ ഒരു ക്ഷേത്രത്തില്‍ മോഷണം നടത്തി രക്ഷപെടുകയും പിന്നീട് പിടിയിലാവുകയുമായിരുന്നു. ഈ കേസില്‍ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ പീരുമേട് കോടതി ആവശ്യപെട്ടതനുസരിച്ചു പീരുമേട്ടിലെത്തിക്കുകയും പെരുവന്താനം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് രണ്ടു തവണയും മുണ്ടക്കയം പൈങ്കണ സെന്റ് തോമസ് പളളിയിയിലും, ഇളങ്ങളും ധര്‍മ്മശാസ്താക്ഷേത്രത്തിലും നടന്ന മോഷണവും, ഇയാളാണ് നടത്തിയത്. പെരുവന്താനം പോലീസ് പൈങ്കണ പള്ളിയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ബോയ്‌സ് ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന നാണയതുട്ടുകള്‍ ഇളങ്ങുളം ക്ഷേത്രത്തിനു സമീപം തോര്‍ത്തില്‍ പൊന്തകാട്ടില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് പിടിച്ചെടുത്തു. ഇടുക്കി, വെളളത്തൂവല്‍, കട്ടപ്പന, അടിമാലി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഏഴോളം മോഷണകേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പോലീസ് അറിയിച്ചു. കൂടാതെ അഞ്ചോളം കേസുകളില്‍ ശിക്ഷലഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പള്ളികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്താറുള്ളു. എ.എസ്.ഐ സജി ജോസഫ്, സി.പി.ഒ മാരായ എം.ആര്‍.സതീഷ്, സുബൈര്‍, കെ.പി.സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.