ഡാം തകര്‍ന്നാല്‍ പ്രളയം

Sunday 22 January 2012 11:52 am IST

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്‌ തകരാര്‍ സംഭവിച്ചാല്‍ ഡാമിന്‌ തൊട്ടു താഴെ 40.30 മീറ്ററിലും 36 കിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തിനടുത്ത്‌ 20.85 മീറ്ററിലും വെള്ളം ഉയരുമെന്ന്‌ ഡാം ബ്രേക്ക്‌ അനാലിസിസിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പും ഡിസാസ്റ്റര്‍ മാനേജ്മെന്റും അടിയന്തര ചര്‍ച്ച നടത്തി പുതിയ ഡാം പണിയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജലവിഭവ മന്ത്രി പി.ജെ ജോസഫ്‌ തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പ്രദേശങ്ങളിലെ അവസ്ഥയെക്കുറിച്ച്‌ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ കണക്കാക്കി അടിയന്തര നടപടി സ്വീകരിക്കണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിസര പ്രദേശത്ത്‌ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6 വരെ രേഖപ്പെടുത്തി കഴിഞ്ഞു. 6.5 രേഖപ്പെടുത്തിയാല്‍ ഡാം പൂര്‍ണമായും തകരുമെന്ന അവസ്ഥ നിലനില്‍ക്കുകയാണ്‌.
ഡാം തകര്‍ന്നാല്‍ വള്ളക്കടവില്‍ 26 മിനിറ്റിനകവും വണ്ടിപ്പെരിയാറില്‍ 31 മിനിറ്റിനകവും ഇടുക്കി ഡാമില്‍ 128 മിനിറ്റിനകവും വെള്ളമെത്തുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്‌, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍ കെട്ട്‌ തുടങ്ങിയ ഡാമുകളുടെ ഡാം ബ്രേക്ക്‌ അനാലിസിസും അതില്‍ നിന്നും അറബിക്കടലിലേക്കുള്ള വെള്ളപ്പാച്ചിലും ശാസ്ത്രീയമായി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ റൂര്‍ക്കി ഐഐടിയോട്‌ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.
മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെയുള്ള വെള്ളപ്പാച്ചിലിന്റെ പഠനമാണ്‌ ഇപ്പോള്‍ നടത്തിയിരിക്കുന്നത്‌. ബാക്കി ഭാഗത്തിന്റെ പഠനം മെയ്‌ മാസത്തിനകം സമര്‍പ്പിക്കും. ഡാം ബ്രേക്ക്‌ സാധാരണയായി സംഭവിക്കുന്നത്‌ കനത്ത മഴമൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ റിസര്‍വോയര്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ ഡാമിന്‌ മുകളിലൂടെ വെള്ളം പായുന്നത്‌ കൊണ്ടും ഡാമിന്റെ ബലക്കുറവും ഭൂചലനവും മണ്ണിടിച്ചിലും മൂലം റിസര്‍വോയറില്‍ രൂപപ്പെടുന്ന തിരകള്‍ മൂലവും ഡാമില്‍ വിള്ളലുകള്‍ ഉണ്ടായി ജലം ശക്തിയായി പുറത്തു വരുന്നതു കൊണ്ടുമാണ്‌.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ 12 മിനിറ്റിനകം ഡാമിന്റെ ഏകദേശം പകുതി ഭാഗവും തകര്‍ന്നു വീഴും. സെക്കന്റില്‍ പരമാവധി 12.4 മീറ്റര്‍ വേഗത്തില്‍ പ്രളയം ഉണ്ടാകുമെന്നും 128 മിനിറ്റിനകം വെള്ളം ഇടുക്കി ജലാശയത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഡാമിന്റെ 50 മീറ്റര്‍ താഴെ സമുദ്ര നിരപ്പില്‍ 866 മീറ്റര്‍ ഉയരത്തിലും വള്ളക്കടവില്‍ 854 മീറ്റര്‍ ഉയരത്തിലും ഇടുക്കിയില്‍ 762.27 മീറ്റര്‍ ഉയരത്തിലുമായിരിക്കും വെള്ളം ഉണ്ടാവുക.
ഭൂചലനം സംബന്ധിച്ച്‌ വിശദമായ വിശകലനത്തിന്‌ സെസ്‌ അധിക്യതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അപകടത്തെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തണം.തേക്കടി, കടയനെല്ലൂര്‍ പ്രദേശങ്ങളില്‍ വന്‍ ദുരന്തമുണ്ടാകാവുന്ന രീതിയിലായിരിക്കും മുല്ലപ്പെരിയാറിന്റെ തകര്‍ച്ച.48 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചായി മഴ ഉണ്ടായാല്‍ ഡാമില്‍ 165 അടി വെള്ളം ഉയരുമെന്നും ഇത്‌ സംഭവിക്കാതിരിക്കാന്‍ പുതിയ ഡാം നിര്‍മിക്കണം. 1979 ലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡാമിന്റെ ബലക്ഷയം വ്യക്തമായിട്ടുണ്ട്‌.റിക്ടര്‍ സ്കെയിലില്‍ എട്ട്‌ സൂചിപ്പിച്ചാല്‍ ഇടുക്കി ഡാമിന്‌ കുഴപ്പമൊന്നും സംഭവിക്കില്ല.എംപവേര്‍ഡ്‌ കമ്മറ്റിയും സുപ്രീം കോടതിയും പുതിയ ഡാമിന്‌ വേണ്ടിയുള്ള നിഗമനത്തില്‍ എത്തിച്ചേരുമെന്ന്‌ പ്രതീക്ഷിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വാദഗതി സുപ്രീം കോടതി ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്‌, പ്രതിരോധ മന്ത്രി എ.കെ ആന്റണി, ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരും പുതിയ ഡാമിന്റെ നിര്‍മാണത്തിനു വേണ്ട നടപടി സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ജനുവരി 29 ന്‌ എംപവേര്‍ഡ്‌ കമ്മറ്റി നല്‍കുന്ന റിപ്പോര്‍ട്ട്‌ സംസ്ഥാന സര്‍ക്കാരിന്‌ അനുകൂലമാകും. ഫെബ്രുവരി ഒന്നിന്‌ കൂടുന്ന കേരള കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മറ്റി പുതിയ ഡാം നിര്‍മാണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും പി.ജെ. ജോസഫ്‌ പറഞ്ഞു.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.