ആലഞ്ചേരിയില്‍ ആന ഇടഞ്ഞു; ഭീതിയുടെ മുള്‍മുനയില്‍ മണിക്കൂറുകള്‍

Wednesday 30 March 2016 10:50 am IST

പുലാമന്തോള്‍: പാലൂര്‍ ആലഞ്ചേരി ചുറ്റുവിളക്ക് ആഘോഷത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. കോട്ടയം തിരുവല്ല മല്ലപ്പള്ളി സ്വദേശി പിബി.അനില്‍കുമാര്‍(44) ആണ് മരിച്ചത്. മൂന്നുമണിക്കൂറിന് ശേഷം വടവും മറ്റും ഉപയോഗിച്ച് താത്ക്കാലികമായി ആനയെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പൂരപ്പറമ്പില്‍ നിന്നിരുന്ന ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ കാലുകളക്കിടയില്‍പ്പെട്ടത്. പരിക്കേറ്റ പാപ്പാനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരുനാട് മുഴുവന്‍ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുകയായിരുന്നു. ഇടഞ്ഞാടിയായ ആന നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. വാഹനങ്ങള്‍ തല്ലി തകര്‍ത്തു. കൃഷി ചവിട്ടി അരച്ചു. പറമ്പിലെ കച്ചവട സ്റ്റാളുകളും മറ്റും തകര്‍ത്ത ആന റോഡിലേക്കിറങ്ങി. പാലൂര്‍ സുബ്രഹ്മണ്യകോവിലിന്റെ മതില്‍ തകര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന കാര്‍ നീക്കി കോവിലിന് സമീപത്തെ വീട്ടിലേക്ക് തള്ളിക്കയറ്റി. നിരവധി വാഹനങ്ങളും സമീപത്തെ പറമ്പിലെ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. മറ്റ് ആനകളുടെ പാപ്പാന്‍മാരുമെത്തി വടംകൊണ്ട് ആനയെ താത്ക്കാലികമായി തടഞ്ഞുവെക്കാന്‍ ശ്രമിച്ചു. ഈ സമയം ഇടഞ്ഞ ആനയുടെ ചേഷ്ടകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ആളുകള്‍ മത്സരിക്കുകയായിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ജനപ്പെരുപ്പം കണ്ട് ഭയന്ന ആന കിലോമീറ്ററോളമാണ് ഓടിയത്. അവസാനം മയക്കുവെടി വെച്ച് ആനയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുലാമന്തോള്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആനവിരണ്ടതിനാല്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതുമൂലം പരീക്ഷ അരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. പെരിന്തല്‍മണ്ണ സബ്കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.