അശമന്നൂരില്‍ ഭരണ പ്രതിസന്ധി; പ്രസിഡന്റും വൈസ്‌ പ്രസിഡന്റും രാജിവെക്കുന്നു

Saturday 21 January 2012 10:51 pm IST

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ പ്രസിഡന്റും, വൈസ്‌ പ്രസിഡന്റും രാജിവെക്കുന്നു. ഇടത്‌ പക്ഷം ഭരണം നടത്തുന്ന ഇവിടെ സിപിഎം അംഗങ്ങളായ പ്രസിഡന്റ്‌ കെ.എസ്‌.സൗദാബീവിയും വൈസ്‌ പ്രസിഡന്റ്‌ സുജു ജോണിയും തത്സ്ഥാനങ്ങള്‍ രാജിവക്കുന്നതായും എന്നാല്‍ അംഗങ്ങളായി തുടരുമെന്നും പെരുമ്പാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്തില്‍ ആകെയുള്ള 14 അംഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങളാണ്‌ ഉള്ളതെങ്കിലും കോടതി ഉത്തരവ്‌ പ്രകാരം പ്രസിഡന്റായ സിപിഎമ്മിലെ സൗദാബീവിക്ക്‌ വോട്ടവകാശം ഇല്ലാതായതിനാല്‍ പഞ്ചായത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. വികസന കാര്യങ്ങളില്‍ ചര്‍ച്ചവരുമ്പോള്‍ യുഡിഎഫ്‌ ഭരണം നടത്തുന്ന വാര്‍ഡുകളിലെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതായും മറ്റുള്ളവ വരുമ്പോള്‍ യുഡിഎഫ്‌ അംഗങ്ങള്‍ വോട്ടിനിട്ട്‌ തള്ളുകയും ചെയ്യുന്നതായി രാജിക്കൊരുങ്ങുന്നവര്‍ ആരോപിച്ചു.
എന്നാല്‍ പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതി മാത്രമാണ്‌ എല്‍ഡിഎഫിന്‌ എതിരായി വിധി പ്രഖ്യാപിച്ചതെന്നും മേല്‍കോടതി വിധികള്‍ തങ്ങള്‍ക്ക്‌ അനുകൂലമാണെന്നും യുഡിഎഫുകാര്‍ കോടതി വിധിയെ എതിര്‍ക്കുകയാണെന്നും ഇവര്‍ ചോദിച്ചു. പ്രസിഡന്റ്‌ എന്ന നിലയില്‍ സൗദാബീവിയെ അംഗീകരിക്കാത്ത യുഡിഎഫ്‌ അംഗങ്ങള്‍ പ്രസിഡന്റ്‌ വിളിച്ച്‌ ചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുത്തതിനുള്ള സിറ്റിംഗ്‌ ഫീസ്‌ കൈപ്പറ്റിയത്‌ ഏതടിസ്ഥാനത്തിലാണെന്നും എല്‍ഡിഎഫ്‌ നേതാക്കള്‍ ചോദിച്ചു. തങ്ങളുടെ രാജിക്കത്ത്‌ 23ന്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കുമെന്നും പ്രസിഡന്റും വൈസ്‌ പ്രസിഡന്റും പറഞ്ഞു. സിപിഎം നേതാക്കളായ എന്‍.സി.മോഹനന്‍, എന്‍.എന്‍.കുഞ്ഞ്‌ എന്നിവര്‍ പ്രത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അശമന്നൂരില്‍ കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന ഇടത്‌ വലത്‌ രാഷ്ട്രീയ നാടകവും ഭരണ സ്തംഭനാവസ്ഥയും അവസാനിപ്പിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി ബിജെപി അശമന്നൂര്‍ യൂണിറ്റ്‌ പ്രതിഷേധ പ്രകടനത്തിനും ഏകദിന ഉപവാസത്തിനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ ഗോഹത്യയുമായി ബന്ധപ്പെട്ട്‌ പ്രക്ഷോഭ പരിപാടികള്‍ നടന്നതിനാല്‍ വരും ദിവസം പ്രതിഷേധത്തിന്‌ ഒരുങ്ങവെയാണ്‌ എല്‍ഡിഎഫ്‌ രാജിക്കൊരുങ്ങിയത്‌. കുറെ നാളുകളായി ഈ പഞ്ചായത്തില്‍ യാതൊരു വികസനവും നടക്കുന്നില്ലെന്നും അധികാരം നിലനിര്‍ത്തുന്നതിനായി പാവപ്പെട്ടവര്‍ക്ക്‌ ലഭിക്കേണ്ട സഹായങ്ങള്‍ പോലും മരവിപ്പിച്ച അവസ്ഥയിലാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.