പുലിമുട്ടു നിര്‍മ്മാണോദ്ഘാടനം: മത്സ്യത്തൊഴിലാളി വഞ്ചനയെന്ന്

Wednesday 30 March 2016 7:58 pm IST

അമ്പലപ്പുഴ: പുലിമുട്ടു നിര്‍മ്മാണോദ്ഘാടനം നടത്തി ആഭ്യന്തരമന്ത്രി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു. കടല്‍ക്ഷോഭമേഖലയില്‍ പുലിമുട്ടു നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പുറക്കാട് പഞ്ചായത്തില്‍ അഞ്ചാലുംകാവിനുപടിഞ്ഞാറ് ആഭ്യന്തരമന്ത്രി ഉദ്ഘാടന മാമാങ്കം നടത്തിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചില്ല. ഉദ്ഘാടനത്തിനായി മാത്രം രണ്ടുലോഡ് കരിങ്കല്ല് ഇറക്കി മത്സ്യത്തൊഴിലാളികളായ പ്രദേശവാസികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. 2013ല്‍റവന്യൂ മന്ത്രി പി.ജെ. ജോസഫ് ഇത്തരത്തില്‍ ഉദ്ഘാടനം നടത്തുകയും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കാത്ത സ്ഥലങ്ങളില്‍ 16 പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇവകൂടാതെ ഇത്തവണ 26 പുലിമുട്ടുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ ഉദ്ഘാടനം നടത്തിയത്. വോട്ടുബാങ്കു രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം നടത്തിയത്. കടല്‍ക്ഷോഭമേഖലയില്‍ ഉടന്‍ പുലിമുട്ടു നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും മേഖലയിലെ വിവിധ സംഘടനാ ഭാരവാഹികളെ വിളിച്ച് ചര്‍ച്ച നടത്തിയതും പ്രഹസനമായിരുന്നുവെന്ന് ആക്ഷേപമുയരുന്നു. നിലവില്‍ യുഡിഎഫ് സര്‍ക്കാര്‍ കയറിയ നാള്‍ മുതലുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭവനവും ഭൂമിയും നഷ്ടമാകില്ലായിരുന്നു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയിലും ഭവന രഹിതര്‍ക്ക് കിടപ്പാടമൊരുക്കുമെന്ന് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രിയും കബളിപ്പിച്ചു. വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍പോലും പ്രഖ്യാപനം നടത്തിയ കടല്‍ക്ഷോഭം തീരദേശത്തെ തന്നെ ഇല്ലായ്മ ചെയ്യുമെന്ന ഭയാശങ്ക സൃഷ്ടിക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമായാല്‍ പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും. ഇതുവരെ വീടുനഷ്ടപ്പെട്ട കുടുംബങ്ങള്‍ പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും മറ്റു കുടുംബങ്ങളെയും സര്‍ക്കാര്‍ അവഗണനയില്‍ കടല്‍ക്ഷോഭ ഭീഷണിയാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.