പത്തനംതിട്ട: മലനാടിന്റെ റാണി എന്ന് വിശേഷിപ്പിക്കുന്ന റാന്നിയില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന സിപിഎമ്മിന് മൂക്കുകയറിടാന്‍ എന്‍ഡിഎ. 1996മുതല്‍ 2011 വരെ നടന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും റാന്നിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് എല്‍ഡിഎഫിലെ രാജു ഏബ്രഹാമാണ്. എന്നാല്‍ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് ജില്ലാ പ്രസിഡന്റുകൂടിയായ കെ.പത്മകുമാര്‍ രംഗത്തെത്തിയതാണ് എല്‍ഡിഎഫിന് വിനയാകുന്നത്.
റാന്നി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയക്കുതിപ്പിന് എന്നും താങ്ങും തണലുമായി നിന്നത് ഈഴവ സമുദായമായിരുന്നു. എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുകൂടിയായ പത്മകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയതോടെ സമുദായാംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളും സിപിഎമ്മിന് നഷ്ടമാകുമെന്നാണ് സ്ഥിതി. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം കൂടിയാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഇവിടെ ബിജെപി നേടിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇരുപത്തയ്യായിരത്തിലേറെ വോട്ടുകള്‍ ഈ മണ്ഡലത്തില്‍ ലഭിച്ചു.
ബിഡിജെഎസിന് മണ്ഡലത്തില്‍ ഇരുപതിനായിരത്തിലേറെ വോട്ടര്‍മാരുടെ അംഗബലം ഉള്ളതായാണ് ഏകദേശ കണക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിച്ച വിമോചനയാത്രയ്ക്ക് റാന്നിയില്‍ നല്കിയ സ്വീകരണ ചടങ്ങിലെ ജനപങ്കാളിത്തം എല്‍ഡിഎഫിനേയും, യുഡിഎഫിനേയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 58391 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്കൊപ്പം ബിഡിജെഎസിന്റെ അംഗബലം കൂടിയാകുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടാകുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ച്ചയായി നാലുവട്ടം റാന്നി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചിട്ടും മണ്ഡലം വികസന കാര്യങ്ങളില്‍ ഏറെ പിന്നിലാണെന്നു നാട്ടുകാര്‍ പറയുന്നു. ദേശീയ തീര്ത്ഥാടനകേന്ദ്ര പദവിയിലേക്കെത്തി നില്ക്കുന്ന ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍ ശബരിമല തീര്ത്ഥാടനക്കാലവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ എടുത്തുപറയുവാനുള്ളൂ എന്നും നാട്ടുകാര്‍ക്ക് അഭിപ്രായമുണ്ട്.
റാന്നിയില്‍ മൊത്തം 187128 വോട്ടര്‍മാരാണുള്ളത് ഇതില്‍ 89604 പുരുഷവോട്ടര്‍മാരും 97524 സ്ത്രീവോട്ടര്‍മാരുമാണുള്ളത്. വെച്ചൂച്ചിറ, വടശ്ശേരിക്കര, റാന്നി അങ്ങാടി, പഴവങ്ങാടി, പെരുനാട്, നാറാണംമൂഴി, അയിരൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, ചെറുകോല്‍ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് റാന്നി നിയോജകമണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: