കണ്ണൂര്‍ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി ; ബിജെപി സ്ഥാനാര്‍ത്ഥിയടെ ശക്തമായ സാന്നിധ്യം: മുന്നണികള്‍ക്ക് അങ്കലാപ്പ്

Wednesday 30 March 2016 10:09 pm IST

കണ്ണൂര്‍: ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കരുത്തനായ സാരഥിയെ രംഗത്തിറക്കി ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. കഴിഞ്ഞ കാലങ്ങളിലെല്ലാം യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലമെങ്കിലും ഇത്തവണ മാറ്റത്തിന് വിധിയെഴുതാനുളള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. പൊതുപ്രവര്‍ത്തകനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ടുമായ കെ.ഗിരീഷ് ബാബുവിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്. കാല്‍ നൂറ്റാണ്ടുകാലത്തിലധികമായി കണ്ണൂരിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിറസാന്നിധ്യമായി നിലകൊള്ളുന്ന കെ.ജി.ബാബുവെന്ന കെ.ഗിരീഷ് ബാബു കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി കണ്ണൂര്‍ മണ്ഡലത്തിലും ജില്ലയിലും സംസ്ഥാനതലത്തിലും ഏവര്‍ക്കും സുപരിചിതനാണ്. വര്‍ഷങ്ങളായി സാമൂഹ്യ സേവന-ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാബുവിന് മണ്ഡലത്തില്‍ വളരെ ആഴത്തില്‍ ബന്ധമുണ്ട് എന്നുളളത് ഇടത്-വലത് മുന്നണി നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും സംഘ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ മുന്നേറ്റങ്ങളും കേന്ദ്രസര്‍ക്കാര്‍ കണ്ണൂരിന് വേണ്ടി പ്രഖ്യാപിച്ച അമൃത് പദ്ധതികളുള്‍പ്പെടെ നിരവധി ജനക്ഷേമ-വികസന പദ്ധതികളും ബിജെപിയുടെ മണ്ഡലത്തിലെ വോട്ട് ഗണ്യമായി വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുമെന്ന ആശങ്കയും മുന്നണികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. പൊതുവെ സിപിഎമ്മിന് ശക്തിയില്ലാത്ത മണ്ഡലം ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിനാണ് ഇത്തവണയും നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ പരാജയപ്പെടുന്ന സീറ്റായ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറില്ലെന്ന് കോണ്‍ഗ്രസ് എസ് നേതാവും കഴിഞ്ഞതവണ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത രാമചന്ദ്രന്‍ കടന്നപ്പളളിയും കോണ്‍ഗ്രസ്-എസ് നേതൃത്വവും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്-എസിന് നല്‍കിയിരിക്കുന്ന ഏക സീറ്റ് കണ്ണൂരാണ്. സിപിഎമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവത്തില്‍ കോണ്‍ഗ്രസ് എസിനും മറ്റ് ഘടകകക്ഷികള്‍ക്കും ശക്തമായ മുറുമുറുപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. കോണ്‍ഗ്രസ് എസിനോ സിപിഎമ്മിനോ മററ് ഘടകകക്ഷികള്‍ക്കോ ജില്ലയില്‍ ഏറ്റവും സ്വാധീനം കുറഞ്ഞ മണ്ഡലമാണ് കണ്ണൂര്‍ എന്നതും എല്‍ഡിഎഫിന് തിരിച്ചടിയാകും. യുഡിഎഫിനാകട്ടെ ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എല്ലാ കാലത്തും യുഡിഎഫിന് വിജയമുണ്ടായിട്ടുളള മണ്ഡലത്തില്‍ മത്സരിച്ച് ഇത്തവണയും വിജയം കൈവരിക്കാമെന്ന പ്രതീക്ഷയില്‍ മണ്ഡലത്തില്‍ മത്സരിക്കാനായി കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ നിരവധിയാണ്. സിറ്റിംഗ് എംഎല്‍എയായ എ.പിയ.അബ്ദുളളക്കുട്ടിക്ക് പുറമേ 2007 ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.സുധാകരനും എ ഗ്രൂപ്പിലേയും നാലാം ഗ്രൂപ്പിലേയും ചിലരും കോണ്‍ഗ്രസില്‍ സീറ്റിനായി രംഗത്തുണ്ട്. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ആരു മത്സരിച്ചാലും ഗ്രൂപ്പുകള്‍ പാലംവലിക്കുന്ന സ്ഥിതിയാണ്. കൂടാതെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ഭരണനഷ്ടവും തിരിച്ചടിയും ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുമെന്നുറപ്പാണ്. എല്ലാ കാലത്തും വിമതശബ്ദമായി നിലകൊണ്ട പി.രാമകൃഷ്ണനും ഏറ്റവും ഒടുവില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാനിടയാക്കിയ പി.കെ.രാഗേഷിന്റെയും കൂട്ടരുടേയും നിലപാടുകളും യുഡിഎഫിന് വിനയാകും. മാത്രമല്ല കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് എംഎല്‍എമാരും സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളും കണ്ണൂര്‍ നഗരത്തിലേതുള്‍പ്പെടെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒന്നും ചെയ്തില്ലെന്നതും ഇരുമുന്നണികള്‍ക്കുമെതിരെ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രേരണയാവുമെന്നുറപ്പാണ്. കണ്ണൂര്‍ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടത്-വലത് ജനപ്രതിനിധികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതും ഇടത്-വലത് മുന്നണികള്‍ക്ക് ഇത്തവണ വിനയാകും. കഴിഞ്ഞ 60 വര്‍ഷക്കാലം നാടുഭരിച്ചിട്ട് മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്ത മുന്നണികളെ എന്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഗ്ദാനങ്ങളുമായി കണ്ണൂരിലെ ജനങ്ങള്‍ വിജയിപ്പിക്കേണ്ടതെന്നും ഇത് മാററത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായ തന്റെ വിജയത്തിന് കളമൊരുക്കുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ.ഗിരീഷ് ബാബു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടു കണക്കുപ്രകാരം കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 6443 വോട്ടിന്റെ ‘ഭൂരിപക്ഷമാണ് യുഡിഎഫിനുണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 49132 വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ 49131 വോട്ട് എല്‍ഡിഎഫ് നേടി. ബിജെപിക്ക് 10489 വോട്ടും ലഭിച്ചു. മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തില്‍ എളയാവൂര്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡുണ്ടാകാറുള്ളത്. നഗരസഭ, മുണ്ടേരി, ചേലോറ, എടക്കാട് പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് കൂടുതല്‍ സ്വാധീനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിത്രം മാറിയിരുന്നു. നഗരസഭയിലും എടക്കാട് പഞ്ചായത്ത് പരിധിയിലും മാത്രമാണ് യുഡിഎഫിന് ‘ഭൂരിപക്ഷമുണ്ടായത്. ബിജെപിയാകട്ടെ മണ്ഡലത്തിന്റെ ഭാഗമായ കോര്‍പ്പറേഷനിലെ ഡിവിഷനുകളിലും മറ്റ് പഞ്ചായത്തുകളിലും വന്‍ മുന്നേറ്റമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. ഈ മുന്നേറ്റം ഇരട്ടിയാക്കാനും പാര്‍ട്ടിയുടെ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യം തെളിയിക്കാനുമുളള ഒരുക്കത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതിലൂടെ ബിജെപി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.