അടിസ്ഥാന സൗകര്യമില്ല പരിയാരം മെഡിക്കല്‍ കോളേജിലെ പിജി കോഴ്‌സുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി

Wednesday 30 March 2016 10:28 pm IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സുകളില്‍ പതിനേഴില്‍ പതിനഞ്ച് എണ്ണത്തിന്റെയും അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പരിയാരത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2011 ലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പിജി കോഴ്‌സ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ആദ്യ ബാച്ചിന്റെ പരീക്ഷ വരുന്ന സമയത്ത് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുമെന്ന നിര്‍ദ്ദേശത്തോടെയാണ് കോഴ്‌സ് ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 15 ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയിരുന്നു. കൗണ്‍സില്‍ മാനദണ്ഡമായികാണുന്ന അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് 15 വിഭാഗത്തിന്റെ അംഗീകാരം റദ്ദ് ചെയ്തിരിക്കുന്നത്. പല വിഭാഗങ്ങളിലും സീനിയര്‍ ഫാക്കല്‍റ്റിമാരുടെ ഭീമമായ അപര്യാപ്തതയുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ സീനിയര്‍ ഫാക്കല്‍റ്റിമാര്‍ അത്യാവശ്യമാണ്. എന്നാല്‍ ആവശ്യമായ പോസ്റ്റിംഗ് നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നിട്ടില്ല. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ എംആര്‍ഐ മെഷീന്‍ പോലുമില്ലാതെയാണ് പഠനം നടത്തുന്നത്. നേത്രരോഗ ചികിത്സാ വിഭാഗത്തില്‍ റെറ്റിനല്‍ സര്‍ജറി മൈക്രോസ്‌കോപ്പ്, ഓപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയായിരുന്നു പഠനം നടന്നിരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ ലേബര്‍ റൂമിനകത്ത് എമര്‍ജന്‍സി ഓപറേഷന്‍ തീയറ്ററോ പ്രത്യേക ഓപറേഷന്‍ തീയറ്ററോ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് റഫറന്‍സ് ഗ്രന്ഥങ്ങളോ ലഭ്യമല്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ കണ്ടത്തിയിരുന്നു. അനസ്തീഷ്യ വിഭാഗത്തിന് ഐസിയു സൗകര്യവുമുണ്ടായിരുന്നില്ല. അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ശക്തമായ നടപടി സ്വീകരിച്ചത്. കോഴ്‌സിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം റദ്ദായത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ അവതാളത്തിലാക്കും. കഴിഞ്ഞ വര്‍ഷം എംഡി, എംഎസ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഇതുകാരണം മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. ഫലത്തില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം യാതൊരു വിലയുമില്ലാത്ത ഡിഗ്രിയാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഫയുന്നു. എന്നാല്‍ കോഴ്‌സുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈ മാസത്തില്‍ അടക്കേണ്ട ട്യൂഷന്‍ ഫീസ് അടക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിട്ടുനിന്നത്. പിജി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് ആശുപത്രി അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് വേണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ വാക്കാലുള്ള ഉറപ്പല്ലാതെ രേഖാമൂലം ഉറപ്പ് നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇത് പറഞ്ഞതിന്റെ പേരിലാണ് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. ആശുപത്രി മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനെതിരെ പ്രതിഷേധിച്ച പിജി വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. പിജി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് നല്‍കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. കാരുണ്യ, ഇസിഎച്ച് തുടങ്ങിയ സര്‍ക്കാര്‍ സ്‌കീമുകളില്‍ കോടികള്‍ ലഭിക്കാനുണ്ടെന്നും ഇത് ലഭിച്ചാല്‍ മാത്രമേ സ്റ്റൈപ്പന്റ് നല്‍കാന്‍ സാധിക്കു എന്നുമാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം അന്‍പത് കോടി രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഈ തുക തന്നെ പര്യാപ്തമാണെന്നിരിക്കെ അധികൃതരുടെ കെടുകാര്യസ്തതയും പിടിപ്പുകേടുമാണ് ഇപ്പോഴുള്ള ദുരവസ്ഥക്ക് കാരണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.