ചുമട്ട് തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നടപ്പിലാക്കണം: ബിഎംഎസ്

Wednesday 30 March 2016 10:48 pm IST

തിരുവനന്തപുരം: ചുമട്ടു തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ഏര്‍പ്പെടുത്തണമെന്ന് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശന്‍. ചുമട്ടു തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ് ജില്ലാ മസ്ദൂര്‍ സംഘം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നേതാക്കളുടെ അധികാരത്തിനു വേണ്ടിയുള്ളതാക്കി മാറ്റി. ചുമട്ടു തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശത്തിന് എതിര്‍ അഭിപ്രായമായിരുന്നു ക്ഷേമനിധി ബോര്‍ഡ് രേഖപ്പെടുത്തിയത്. ഇടതു വലതുപക്ഷ പ്രസ്ഥാനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ചില്ല. വെട്ടിപ്പ് തടയുമെന്നതിനാലാണ് ബിഎംഎസ് പ്രതിനിധിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ പ്രദേശ് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌

നോക്കുകൂലി നിറുത്തലാക്കി എന്ന് പരസ്യം നല്‍കുന്ന തൊഴില്‍ വകുപ്പ് സംസ്ഥാനത്തിന്റെ വാണിജ്യവ്യവസായ മേഖലയിലെ വികസനത്തിന് ചുമട്ടു തൊഴിലാളികള്‍ നല്‍കിയ സേവനത്തെക്കുറിച്ച് മറക്കുകയായിരുന്നു. ഐഎല്‍ഒ നിര്‍ദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ ഭാരമാണ് ചുമട്ടു തൊഴിലാളികളെക്കൊണ്ട് എടുപ്പിക്കുന്നത്. അടിയന്തിരമായി സര്‍ക്കാര്‍ ഇതില്‍ ഇടപെടണം. ജില്ലാ തലങ്ങളില്‍ ഏകീകരിച്ച കൂലിപട്ടിക തയ്യാറാക്കി അതിന് രസീത് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന ട്രഷറര്‍ അജിത്, ജില്ലാ വൈസ് പ്രസിഡന്റ് സി. ജ്യോതിഷ്‌കുമാര്‍, യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. മനേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എ. മധു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.