പരപ്പനങ്ങാടിയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്‌

Thursday 31 March 2016 11:19 am IST

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പരപ്പനങ്ങാടി അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനിടെ ജല അതോററ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് തീരദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നഗരസഭക്ക് വിഷയത്തില്‍ നേരിട്ട് ഇടപെടാനും കഴിയുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഉടനീളം കുടിവെള്ള പ്രശ്‌നം രൂക്ഷമായപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപാധികളോടെ കുടിവെള്ള വിതരണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. കുടിവെള്ളം പരിഹരിക്കാനായി ബിജെപി നഗരസഭാ സമിതി നേതാക്കളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നറിയിപ്പില്ലാതെ നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ചെയര്‍പേഴ്‌സണ്‍ വി.വി.ജമീലയെ ഉപരോധിച്ചു. സംഘടനകള്‍ക്ക് കുടിവെള്ളം വിതരണം നടത്തുന്നതില്‍ തടസ്സമൊന്നുമില്ല. എല്ലാ വിഷയത്തിലും ആവശ്യമില്ലാതെ ഇടപെടാറുള്ള ഡിവൈഎഫ്‌ഐക്കാര്‍ കുടിവെള്ള വിതരണം നടത്താന്‍ ശ്രമിക്കാതെ അതിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് നോക്കുന്നത്. ജലഅതോററ്റി വെള്ളം വാഹനത്തില്‍ നിറച്ചുനല്‍കാന്‍ തയ്യാറാണെങ്കിലും അതിനുള്ള വാഹനങ്ങള്‍ നഗരസഭ നല്‍കണമെന്നാണ് പറയുന്നത്. കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്ന് മുന്‍കൂട്ടി മനസിലാക്കിയ ഡിവൈഎഫ്‌ഐ അതിന്റെ പിതൃത്വം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ കുറ്റപ്പെടുത്തി. സര്‍വ്വകക്ഷി പ്രതിനിധി സംഘം ജില്ലാ കലക്ടറെ സന്ദര്‍ശിച്ച് അടുത്ത ദിവസം തന്നെ ജലവിതരണം നടത്താനിരിക്കെ സമരാഭാസം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.