ഇടുക്കിയില്‍ ത്രികോണ മത്സരത്തിന് കളമൊരുക്കി എന്‍ഡിഎ

Thursday 31 March 2016 7:54 pm IST

ഇടുക്കി: കുടിയേറ്റക്കാരും തമിഴ് വംശജരും വിധി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ജില്ലയാണ് ഇടുക്കി. ഇടത്-വലത് മുന്നണികളാണ് ഇടുക്കിയില്‍ നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞുപ്പില്‍ ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സജീവ സാന്നിധ്യമായതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും എല്‍ഡിഎഫ് - യുഡിഎഫ് കക്ഷികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്‍ഡിഎ അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇടുക്കിയുടെ മതപരമായ ഘടന നോക്കിയാല്‍ 52 ശതമാനം ഹിന്ദു ജനസംഖ്യ ജില്ലയിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ മതപരമായ നീതി ഭൂരിപക്ഷ സമുദായത്തിന് ഒരു മുന്നണികളില്‍ നിന്നും ലഭിച്ചിട്ടില്ല. ബിജെപിക്കൊപ്പം ബിഡിജെഎസും കൂടി എത്തിയതോടെ ഇടുക്കിയില്‍ എന്‍ഡിഎ ശക്തമായ സാന്നിധ്യമായി മാറി. ഭൂരിപക്ഷ സമുദായത്തിന് നീതി ലഭിക്കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തൊടുപുഴയില്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ. പ്രവീണാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയി മത്സരിക്കുന്നത്. തൊടുപുഴ നഗരസഭ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിജെപിക്ക് ഏറെ വളക്കൂറുണ്ട്. കാല്‍ ലക്ഷത്തോളം വോട്ടുകള്‍ ബിജെപിക്ക് മണ്ഡലത്തിലുണ്ട്. ബിഡിജെഎസിനും ശക്തമായ വേരുകളുണ്ട്. ഈ സാഹചര്യമാണ് എന്‍ഡിഎയുടെ വിജയ പ്രതീക്ഷയ്ക്ക് പിന്നിലുള്ളത്. പ്രഖ്യാപനമുണ്ടായില്ലെങ്കിലും പി.ജെ. ജോസഫാണ് തൊടുപുഴ മണ്ഡലത്തില്‍ യുഡിഎഫിനായി രംഗത്തിറങ്ങുന്നത്. സിപിഎം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താതെ ഉഴലുകയാണ്. ബിഡിജെഎസിന്റെ ശക്തി കേന്ദ്രമായ ഇടുക്കിയില്‍ എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവനാണ് എന്‍ഡിഎയ്ക്ക് വേണ്ടി രംഗത്തുള്ളത്. കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജുമാണ് ഇവിടെ മത്സരിക്കുന്നത്. ബിഡിജെഎസിന് ജില്ലയില്‍ ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ഇടുക്കി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി കട്ടപ്പന നഗരസഭ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇത് ഈ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും. സംവരണ മണ്ഡലമായ ദേവികുളത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ഗണപതിയുടെ സഹോദരന്‍ എന്‍. ചന്ദ്രനാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വട്ടവട, ഇടമലക്കുടി, മാങ്കുളം എന്നീ പഞ്ചായത്തുകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വട്ടവടയിലും ഇടമലക്കുടിയിലും ബിജെപിയാണ് പ്രതിപക്ഷം. മണ്ഡലത്തില്‍ ബിഡിജെഎസിനും ശക്തമായ വേരുകളുണ്ട്. സിറ്റിംഗ് എംഎല്‍എ രാജേന്ദ്രനാണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ സജി പറമ്പത്താണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ബിജെപിക്ക് ഇരുപതിനായിരത്തോളം വോട്ടുകള്‍ ഈ മണ്ഡലത്തിലുണ്ട്. ഇടുക്കി മണ്ഡലം കഴിഞ്ഞാല്‍ ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലമാണ് ഉടുമ്പന്‍ചോല. നായര്‍ സമുദായത്തിനും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. സിപിഎം നേതാവ് എംഎം മണിയാണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തതയില്ല. പീരുമേട് മണ്ഡലത്തില്‍ ബിജെപി നേതാവ് കെ. കുമാര്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. തമിഴ് വംശജര്‍ ഏറെയുള്ള മണ്ഡലമാണ് പീരുമേട്. കെ. കുമാര്‍ തമിഴര്‍ക്കിടയില്‍ ഏറെ സ്വാധീമുള്ള നേതാവാണ്. ഇദ്ദേഹം തമിഴ് പശ്ചാത്തലം 35 ശതമാനത്തോളം വരുന്ന തമിഴ് വോട്ടര്‍മാരെ ബിജെപിയിലേക്ക് അടുപ്പിക്കാനാകും. മലയാളത്തിലും തമിഴിലും നന്നായി പ്രസംഗിക്കാനും കുമാറിന് കഴിയുന്നു. സിപിഐ നേതാവ് ഇ.എസ് ബിജിമോളാണ് ഇടത് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തതയില്ല. അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണം ഒന്നാം ഘട്ടം ആരംഭിച്ചു എന്നത് എന്‍ഡിഎയ്ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിക്കുന്നതിന്റെ തിരക്കിലാണ് എന്‍ഡിഎ നേതാക്കള്‍. സംഗീത് രവീന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.