മോഷണം കഴിഞ്ഞ് ഉറങ്ങിപ്പോയി; കള്ളന്‍ കയ്യോടെ പിടിയില്‍

Thursday 31 March 2016 9:17 pm IST

ഉപ്പുതറ: പശുപാറയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി മണിക്കൂറുകള്‍ക്കകം പിടിയില്‍. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് തമിഴ്‌നാട് സ്വദേശികളായ രണ്ടംഗ സംഘം പശുപാറ ആലാംപള്ളി എസ്റ്റേറ്റിലെ ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. മോഷണശേഷം മദ്യപിച്ച് ലക്ക്‌കെട്ട് വനത്തില്‍ കിടന്ന് ഉറങ്ങിപ്പോയ ഇരുവരെയും നാട്ടുകാര്‍ രാവിലെ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചതാണ് നാട്ടുകാര്‍ക്ക് സംശയത്തിന് ഇടയാക്കിയത്. സംഘത്തിലെ ഒരാളെ ഇവര്‍ കയ്യോടെ പിടികൂടുകയായിരുന്നു. തമിഴ്‌നാട് തേവാരം ഡികെവി പള്ളിത്തെരുവ് സ്വദേശി കണ്ണന്‍ (37) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും തേനി സ്വദേശിയുമായ മഹേഷ് എന്ന് വിളിക്കുന്ന ഇമ്രാനാണ് ഓടി രക്ഷപെട്ടത്. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. രാത്രി 12 മണിയോടെയാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. കതക് പൊളിച്ച് ഉള്ളില്‍ കയറിയ സംഘം കാണിക്കവഞ്ചി തകര്‍ത്ത് 1000 ത്തോളം രൂപയും ചെറിയ രണ്ട് വിഗ്രഹങ്ങളും നാലരപവന്‍ തൂക്കം വരുന്ന 3 സ്വര്‍ണ്ണ താലിയുമാണ് മോഷ്ടിച്ചത്. പിടിയിലായ പ്രതിയുടെ പക്കല്‍ നിന്നും ക്ഷേത്രമോഷണത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, ആക്‌സോ ബ്ലേഡ്, സ്‌ക്രൂഡ്രൈവര്‍ എന്നിവയും കണ്ടെടുത്തു. ഇയാളുടെ പക്കല്‍ നിന്നും 610 രൂപയും രണ്ട് വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി വൈകി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഡീഷണല്‍ എസ്‌ഐ രവിമോനാണ് കേസിന്റെ അന്വേഷണ ചുമതല.  കണ്ണനും ഇമ്രാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്നാണ് വിവരം. രക്ഷപെട്ട പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.