സര്‍ക്കാര്‍ ഓഫീസുകള്‍ പലതും വാടകക്കെട്ടിടത്തില്‍

Thursday 31 March 2016 10:08 pm IST

പാലാ: സിവില്‍ സ്റ്റേഷനിലെ മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് നിലകളുള്ള വിശാലമായ കെട്ടിടത്തില്‍ മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ലക്ഷങ്ങള്‍ വാടകയിനത്തില്‍ നല്‍കി പല സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. ചില ഓഫീസുകള്‍ കാലപ്പഴക്കം ചെന്നതും ചോര്‍ന്നൊലിക്കുന്നതുമായ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ മജിസ്‌ട്രേറ്റ്, മുന്‍സിഫ് കോടതി, അനുബന്ധ ഓഫീസുകള്‍, ബാര്‍ അസോസിയേഷന്റെ വിവിധ ഓഫീസുകള്‍, റെക്കോര്‍ഡ് റൂമുകള്‍ തുടങ്ങിയവ ചെത്തിമറ്റത്ത് പുതുതായി ആരംഭിച്ച കോടതി സമുച്ചയത്തിലേക്ക് മാറ്റിയതോടെയാണ് സിവില്‍ സ്റ്റേഷനില്‍ മുറികള്‍ ഒഴിഞ്ഞത്. എല്ലാ സൗകര്യങ്ങളുമുള്ള 16 മുറികളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. കോടതി സമുച്ചയത്തിലേക്ക് വിവിധ വകുപ്പുകള്‍ മാറുന്നതായി മാസങ്ങള്‍ക്ക് മുമ്പേ അറിവുകള്‍ നല്‍കിയിട്ടും വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റുന്നതിന് നടപടിയെടുത്തിട്ടില്ല. ഇപ്പോഴും ചിലരുടെ സ്വാര്‍ത്ഥലാഭത്തിനായി ഓഫീസ് മാറ്റം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. നഗരസഭക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസ്, ലേബര്‍ ഓഫീസ്, അളവ് തൂക്ക ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, വിവിധ ലാന്റ് അക്വിസിഷന്‍ ഓഫീസുകള്‍ എന്നിവയെല്ലാം വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളിലാണ്. ഇവിടുത്തെ ജീവനക്കാരുടെ നിരന്തരം ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. വാടക കെട്ടിടത്തില്‍പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന ആവശ്യം നാളുകളായുണ്ട്.എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സബ് രജിസ്റ്റാര്‍ ഓഫീസ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിലപിടിപ്പുള്ള പല ഫയലുകളും ആധാരങ്ങളും സൂക്ഷിക്കുന്ന ഓഫീസ് മേല്‍ക്കൂര ടാര്‍പ്പോളിന്‍ ഉപയോഗിച്ച് മറച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അധികൃതരുടെ അനാസ്ഥയും ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്‍മാര്‍ കാണിക്കുന്ന നിസംഗതയുമാണ് ഓഫീസ് മാറ്റത്തിന് തടയിടുന്നതെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.