ഓസ്ട്രേലിയയില്‍ സിക്കുകാരനെ ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടു

Monday 4 July 2011 2:44 pm IST

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ തലപ്പാവ് ധരിച്ചെത്തിയ സിക്കുകാരനെ ഹോട്ടലില്‍ നിന്നിറക്കി വിട്ടു. ബ്രിസ്ബെയ്‌നിലെ റോയല്‍ ഇംഗ്ലീഷ് ഹോട്ടലിലാണു സംഭവം. സംഭവം വിവാദമായതോടെ ഹോട്ടല്‍ അധികൃതര്‍ മാപ്പു പറഞ്ഞു. തങ്ങളുടെ പരിശോധനയുടെ ഭാഗമായാണ്‌ യുവാവിനോട്‌ തലപ്പാവ്‌ മാറ്റാനാവശ്യപ്പെട്ടതെന്നും ആളാരാണെന്ന്‌ കൃത്യമായി മനസിലാക്കുന്നതിനുവേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെന്നുമാണ്‌ ഹോട്ടല്‍ അധികൃതര്‍ പറയുന്നത്‌. ഹോട്ടല്‍ സുരക്ഷയുടെ ഭാഗമായി ചില കര്‍ശന നിയമങ്ങള്‍ നടപ്പാക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായി ഹോട്ടലിലെത്തുന്നവര്‍ക്കു തൊപ്പി, തലപ്പാവ് എന്നിവ ധരിക്കാന്‍ അനുവദിക്കാറില്ല. ഹോട്ടലില്‍ എത്തുന്നവര്‍ ഉന്നത നിലവാരത്തിലുളള ഡ്രസ് ധരിക്കണമെന്നും നിര്‍ബന്ധമുണ്ട്. ഇത് ആരുടെയും മതവിശ്വാസത്തെ വ്രണപ്പെടുത്താനല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഓസ്‌ട്രേലിയയിലെ പോലീസുകാര്‍പോലും ടര്‍ബനെ ബഹുമാനിക്കുന്നവരാണെന്നും ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഒഫ്‌ പീപ്പിള്‍ ഒഫ്‌ ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ്‌ ഉമേഷ്‌ ചന്ദ്ര പറഞ്ഞു.