വനിതാ ലോകകപ്പ്: വിന്‍ഡീസ് ഫൈനലില്‍

Thursday 31 March 2016 11:23 pm IST

മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസ് ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ന്യൂസിലാന്‍ഡ് വനിതകളെ 6 റണ്‍സിന് കീഴടക്കിയാണ് വിന്‍ഡീസ് കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യമായാണ് വിന്‍ഡീസ് കലാശക്കളിക്ക് അര്‍ഹത നേടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയാണ് വിന്‍ഡീസിന്റെ എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചക്ക് 2.30ന് മത്സരം ആരംഭിക്കും. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിന്‍ഡീസിന് വേണ്ടി ബ്രിട്ട്‌നി കൂപ്പര്‍ 48 പന്തുകളില്‍ നിന്ന് 61 റണ്‍സ് നേടി ടോപ് സ്‌കോററായി. സ്‌റ്റെഫാനി ടെയ്‌ലര്‍ 25ഉം ദീന്‍ദ്ര ഡോട്ടിന്‍ 20ഉം റണ്‍സെടുത്തു. ന്യൂസിലാന്‍ഡിന് വേണ്ടി 38 റണ്‍സെടുത്ത സാറാ മക്ഗ്ലാഷന്‍ ടോപ് സ്‌കോര്‍. ആമി സാറ്റര്‍ത്ത്‌വെയ്റ്റ് 24ഉം േസാഫി ഡിവിനെ 22ഉം റണ്‍സ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട വിന്‍ഡീസിന് സ്‌കോര്‍ 18-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ഹെയ്‌ലെ മാത്യൂസിനെ മോര്‍നെ നീല്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ സ്‌റ്റെഫാനി ടെയ്‌ലറും ബ്രിട്ട്‌നി കൂപ്പറും ചേര്‍ന്ന് നേടിയ 60 റണ്‍സ് വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തായി. സ്‌കോര്‍ 78-ല്‍ എത്തിയപ്പോള്‍ 26 പന്തില്‍ 25 റണ്‍സെടുത്ത സ്‌റ്റെഫാനി മടങ്ങിയെങ്കിലും ദീന്‍ദ്ര ഡോട്ടിനെ കൂട്ടുപിടിച്ച് ബ്രിട്ട്‌നി സ്‌കോര്‍ 122-ല്‍ എത്തിച്ചു. 18-ാം ഓവറിലെ രണ്ടും അഞ്ചും പന്തുകളില്‍ ഇരുവരും പുറത്തായെങ്കിലും 10 പന്തുകളില്‍ നിന്ന് പുറത്താകാതെ 15 റണ്‍സെടുത്ത മെറിസ അഗ്വിലേയ്‌റ സ്‌േകാര്‍ 143-ല്‍ എത്തിച്ചു. 48 പന്തില്‍ നിന്ന് അഞ്ച് ഫോറും 2 സിക്‌സറുമടക്കമാണ് ബ്രിട്ട്‌നി 61 റണ്‍സെടുത്തത്. ന്യൂസിലാന്‍ഡ് വനിതകള്‍ക്ക് വേണ്ടി േസാഫി ഡിവിനെ 22 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് വനിതകള്‍ക്ക് മികച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 49 റണ്‍സായപ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായതാണ് കിവി വനിതകള്‍ക്ക് തിരിച്ചടിയായത്. പിന്നീട് സാറാ മക്ഗ്ലാഷനും ആമിയും ചേര്‍ന്ന് സ്‌കോര്‍ 108-ല്‍ എത്തിച്ചു. എന്നാല്‍ ഇതേ സ്‌കോറില്‍ ഇരുവരും തൊട്ടടുത്ത പന്തുകളില്‍ മടങ്ങിയതോടെ അവര്‍ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതുമില്ല. വിന്‍ഡീസിന് വേണ്ടി സ്‌റ്റൊഫനി ടെയ്‌ലര്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിന്റെ ബ്രിട്ട്‌നി കൂപ്പര്‍ മത്സരത്തിലെ താരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.