പുതുക്കോട് ശ്രീ കോട്ടക്കുറുംബാ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങുന്നു

Friday 1 April 2016 1:24 pm IST

രാമനാട്ടുകര: പുതുക്കോട് ശ്രീ കോട്ടക്കുറുംബാ ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങുന്നു. ഏപ്രില്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാ -നവീകരണ കലശമഹോത്സവം നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, പ്രഭാഷണങ്ങള്‍, സാംസ്‌ക്കാരിക സമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍മന കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് കോട്ടക്കുറുംബ ഭഗവതി ക്ഷേത്രം. 2008 ഒക്‌ടോബര്‍ രണ്ടിന് ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യപ്രശ്‌നത്തെത്തുടര്‍ന്നാണ് തച്ചുശാസ്ത്രവിധിപ്രകാരം ക്ഷേത്രനവീകരണം നടത്തി പുന:പ്രതിഷ്ഠയും നവീകരണ കലശവും നടത്താന്‍ തീരുമാനിച്ചത്. വാസ്തു ശാസ്ത്രവിദഗ്ധന്‍ പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലില്‍ ചെമ്പോല പതിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ചുറ്റമ്പലം തിടപ്പിള്ളി ഉപദേവന്‍മാരുടെ ക്ഷേത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. അയ്യപ്പന്‍കുട്ടി ഒറ്റപ്പാലം, രാജന്‍ പയ്യന്നൂര്‍, പി. കൃഷ്ണദാസന്‍, വസന്തന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് വിവിധഘട്ടങ്ങളിലായി ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുന:പ്രതിഷ്ഠാ നവീകരണ കലശത്തോടനുബന്ധിച്ച് 10 ന് വൈകീട്ട് അഞ്ചിന് നാമജപ വിളംബര ശോഭയാത്ര നടക്കും. രാമനാട്ടുകര ശ്രീ പരിഹാരപുരം ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കോട്ടക്കുറുംബ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. 13 ന് വൈകീട്ട് മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ നടക്കും. 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. 19 ന് പുലര്‍ച്ചെ 4.30 മുതല്‍ 5.43 വരെയുള്ള മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ആദ്ധ്യാത്മിക സാംസ്‌ക്കാരിക പരിപാടികളില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ബിജെപി മുന്‍ സം സ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷത പ്രൊഫ.വി.ടി. രമ, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, സുധീര്‍ കടലുണ്ടി, സ്വാമി പരമാനന്ദപുരി, കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു, നാഗര്‍കോവില്‍ ശ്രീവനമാലീശ്വരന്‍ കോവിലിലെ ശ്രീധര സ്വാമി തിരുവടികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എം. കരുണാകരന്‍ നായര്‍ പ്രസിഡന്റും താമരത്ത് വിജയന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. എ. ഉണ്ണികൃഷ്ണന്‍ നായര്‍ ചെയര്‍മാനും പവിത്രന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പുന:പ്രതിഷ്ഠ നവീകരണകലശ മഹോത്സവങ്ങള്‍ക്കായി കെ.പി. ശിവദാസന്‍ ചെയര്‍ മാനും കെ. ലക്ഷ്മണന്‍ കണ്‍വീനറും മഠത്തില്‍ മനോജ് ഖജാന്‍ജിയുമായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.