രാത്രിയുടെ മറവില്‍ വയല്‍ നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

Friday 1 April 2016 2:14 pm IST

അങ്ങാടിപ്പുറം: വൈലോങ്ങര കുതിരപ്പാടത്തുള്ള 53 സെന്റ് വയല്‍ രാത്രിയുടെ മറവില്‍ മണ്ണിട്ട് നികത്താന്‍ ഭൂമാഫിയയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കൊടികുത്തി സിപിഎമ്മിന്റെ രാഷ്ട്രീയ നാടകവും അരങ്ങേറി. മണ്ണിട്ട വിവരം നാട്ടുകാര്‍ അറിയുന്നതിന് മുമ്പ് ത്രികാലജ്ഞാനികളായ സിപിഎം നേതാക്കള്‍ അറിഞ്ഞു. പിന്നെ പതിവ് നാടകമാണ് അരങ്ങേറിയത്. പ്രകൃതി ചൂഷകരായ ഭൂമാഫിയക്കെതിരെ ഓരോ തെരഞ്ഞെടുപ്പ് സമയത്തും സിപിഎം പ്രതിഷേധം നടത്താറുണ്ടെന്ന് നാട്ടുകാര്‍ അടക്കം പറയുന്നു. എവിടെ മണ്ണിട്ടാലും ആദ്യം അറിയുന്നത് സിപിഎം ആണത്രേ. എന്തായാലും മണ്ണിട്ട വിഷയം കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഏറ്റെടുത്തതോടെ പ്രശ്‌നത്തിന് സാമൂഹിക മാനവും കൈവന്നു. പെരിന്തല്‍മണ്ണ സബ് കലടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാഫര്‍ അലി, അഡീഷണല്‍ തഹസില്‍ദാര്‍ ലത എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് ദിവസത്തിനകം മണ്ണ് നീക്കണമെന്ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി. കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിയുടേതാണ് നികത്തിയ വയല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.