മാധ്യമപ്രവര്‍ത്തകനെ അടിച്ചിരുത്തി ധോണി

Friday 1 April 2016 8:46 pm IST

  മുംബൈ: ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോട് സെമിയില്‍ തോറ്റെങ്കിലും തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ ധോണിയുടെ വിളയാട്ടം. വിരമിക്കലിനെക്കുറിച്ച് ചോദിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനാണ് ധോണി എട്ടിന്റെ പണി കൊടുത്തത്. ഏറെ കേട്ടുമടുത്ത ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെ ധോണി തന്റെ അടുത്തേക്ക് ക്ഷണിച്ചു. വരൂ, നമുക്കല്‍പം തമാശ പങ്കിടാം എന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകനെ തന്റെ അടുത്തേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം തന്റെ കസേരയില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് താന്‍ കാര്യമായി പറയുകയാണെന്നും അടുത്തേക്ക് വരാനും ധോണി വീണ്ടും ആവശ്യപ്പെടുകയും തന്റെ അടുത്തുള്ള കസേരയില്‍ വിളിച്ചിരുത്തുകയും ചെയ്തു. പിന്നീട് ചോദ്യകര്‍ത്താവിന്റെ തോളില്‍ കൈയ്യിട്ട് നായകന്റെ വക ചോദ്യം, ഞാന്‍ വിരമിക്കുകയാണോ നിങ്ങള്‍ക്ക് വേണ്ടത്? വിരമിക്കുകയല്ല, വിരമിക്കുന്നുണ്ടോ എന്ന് അറിയുകയാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍തകത്തന്‍. മത്സരം കണ്ടിട്ട് കായികക്ഷമത ഇല്ലെന്നു തോന്നുന്നുണ്ടോ എന്ന് ധോണി ചോദിച്ചപ്പോള്‍ ഇല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം എങ്ങനെയുണ്ടെന്ന് വീണ്ടും ധോണി. നല്ല വേഗമെന്ന് ലേഖകന്റെ മറുപടി. താന്‍ 2019-ലെ ലോകകപ്പിന് ഫിറ്റല്ലെന്ന് തോന്നുന്നുണ്ടോ എന്നായി ധോണി. ഉണ്ടെന്നും ഉറപ്പായും കളിതുടരണമെന്നും മറുപടി. ഇതോടെ താങ്കളുടെ ചോദ്യത്തിന് താങ്കള്‍ തന്നെ മറുപടി നല്‍കിക്കഴിഞ്ഞുവെന്ന് കുസൃതിച്ചിരിയോടെ ധോണി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ചോദ്യം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്നുമാണ് പ്രതീക്ഷിച്ചതെന്ന് ധോണി. 2019ലെ ലോകകപ്പ് ക്രിക്കറ്റ്‌വരെ വിരമിക്കില്ലെന്ന സൂചനയാണ് ധോണി ഇതിലൂടെ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.