കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും; എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷന്‍ ഇന്ന്

Friday 1 April 2016 9:17 pm IST

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. ബി ജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ബി. ജെ. പി. സംസ്ഥാന വക്താവ് ജെ. ആര്‍. പത്മകുമാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകന ചര്‍ച്ച നയിക്കും. അഞ്ചു നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ബി ജെ പി. ഘടക കക്ഷികളുടെ സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണം വിവിധ നിയോജകമണ്ഡലങ്ങളില്‍ സജീവമായി. ബൂത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാനാര്‍ത്ഥികള്‍ വിവിധ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളേയും മത സാമുദായിക സംഘടനാ നേതാക്കളേയും കണ്ട് അനുഗ്രഹം തേടുന്ന തിരക്കിലാണ്. ജില്ലാ കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ പ്രചരണ പരിപാടികള്‍ അടുത്ത ഘട്ടത്തിലേത്ത് കടക്കും. ബി ജെ പി ആറന്മുള നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി രമേശ് കുളനടയില്‍ പ്രചരണം നടത്തി. കുളനടയില്‍ എത്തിയ എം.ടി രമേശിനെ ബി ജെ പി കുളനട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍.രാധാകൃഷ്ണന്‍ നായര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ സമ്പര്‍ക്കം നടത്തി. എം.ടി രമേശിനെ നിറഞ്ഞ പുഞ്ചിരിയോടെ ആണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. ഇടതു വലതു മുന്നണികളുടെ ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ഇനി ബിജെപി മാത്രമേ ഉള്ളു രക്ഷ എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്ന് എം.ടി. രമേശ് പറഞ്ഞു. ആറന്മുള സമരം ഈ തിരഞ്ഞെടുപ്പില്‍ ബിജെ പി ക്ക് ഗുണകരമാകും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി ആര്‍ വിനോദ്കുമാര്‍,പഞ്ചായത്ത് അംഗങ്ങള്‍ ആയ ശോഭനാ അച്യുതന്‍, ജയചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ടൗണിലെ സമ്പര്‍ക്കത്തിന് ശേഷം പ്രമുഖ വ്യക്തികളേയും മുതിര്‍ന്ന പ്രവര്‍ത്തകരേയും അദ്ദേഹം സന്ദര്‍ശിച്ചു.ഇന്ന് രാവിലെ മുതല്‍ പത്തനംതിട്ട നഗരസഭാ പ്രദേശത്ത് എം.ടി രമേശ് സമ്പര്‍ക്കം നടത്തും. അടൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍ പ്രചരണം തുടങ്ങി. അടൂരില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി അനുഗ്രഹങ്ങളും വാങ്ങി. ഇന്നലെ രാവിലെ മുതല്‍ അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ നേരിട്ട് കണ്ടു. കനത്ത ചൂടിനെ വകവെയ്ക്കാതെയാണ് സ്ഥാനാര്‍ത്ഥിയും സഹ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. സിനിമാലോകത്ത് നിറഞ്ഞുനിന്ന അടൂര്‍ പങ്കജത്തിന്റെ വീട്ടില്‍ എത്തി, സിനിമാ നടനും സംവിധായകനും സീരിയല്‍ നടനുമായ അടൂര്‍ ഹരികൃഷ്ണമഠത്തില്‍ അജയനേയും കുടുംബത്തേയും കണ്ട് അനുഗ്രഹം വാങ്ങി. സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ആര്‍എസ്എസ് അടൂര്‍ താലൂക്ക് കാര്യവാഹ് എസ്.ശരത്ത്, അനില്‍ നെടുമ്പെള്ളി, രുപേഷ് അടൂര്‍, അരുണ്‍, രാജേഷ് മിത്രപുരം, രാധാകൃഷ്ണന്‍ നായര്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരുമുണ്ടായിരുന്നു. കോന്നിമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാര്‍ ഇന്ന് മൈലപ്ര പഞ്ചായത്തിലെ പ്രദേശങ്ങളില്‍ സമ്പര്‍ക്കം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.