കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ തെരഞ്ഞെടുപ്പു ചര്‍ച്ചയാകുന്നു

Friday 1 April 2016 9:45 pm IST

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അജണ്ട നിശ്ചയിച്ചു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് ചര്‍ച്ചാവിഷയമാക്കിയാണ് വിഎസ്, പാര്‍ട്ടി ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചത്. സ്മാരകം കത്തിച്ച കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും സിപിഎമ്മിന് അക്രമത്തില്‍ പങ്കില്ലെന്നുമാണ് വിഎസ് പ്രസ്താവനയിറക്കിയത്. മുഹമ്മ കണ്ണര്‍ക്കാട്ടെ കൃഷ്ണപിള്ള പ്രതിമ തകര്‍ക്കുകയും സ്മാരകം കത്തിക്കുകയും ചെയ്ത സംഭവത്തില്‍ വിഎസ് പക്ഷക്കാരായ അഞ്ചു സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അന്വേഷണസംഘം പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളെയെല്ലാം ഔദ്യോഗിക പക്ഷം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ ശരിവച്ചാണ് വിഎസ് പക്ഷക്കാര്‍ക്കെതിരെ സിപിഎം നടപടിയെടുത്തത്. വിഎസ്സിന്റെ ഇപ്പോഴത്തെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അന്വേഷണ സംഘത്തിനെതിരെയല്ല, അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അംഗീകരിച്ച സിപിഎം നേതൃത്വത്തിനെതിരെയാണ്. 2013 ഒക്‌ടോബര്‍ 31ന് നടന്ന സംഭവം കൂടുതല്‍ ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് അച്യുതാനന്ദന്‍ വിഷയം സജീവ ചര്‍ച്ചയാക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസുമായി മറ്റുവിഷയങ്ങളിലെന്നപോലെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം എത്താതെ ഒത്തുകളിക്കുകയാണ്. തള്ളയെ തല്ലുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരല്ലെന്നും വിഎസ് ആവര്‍ത്തിക്കുന്നതിനിടെയാണ് അന്വേഷണം പാര്‍ട്ടി ഉന്നതരിലേക്ക് നീങ്ങിയത്. എന്നാല്‍ പൊടുന്നനെ അന്വേഷണസംഘത്തെ വരെ മാറ്റി സര്‍ക്കാര്‍ ഒത്തുകളിച്ചു. നിലവില്‍ ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം കത്തിച്ച സംഭവത്തില്‍ സിപിഎമ്മും സിപിഐയും മൗനം തുടരുന്നതിനിടെയാണ് അച്യുതാനന്ദന്‍ ഈ വിഷയം സജീവചര്‍ച്ചയാക്കുന്നത്. ആലപ്പുഴ ജില്ലയിലടക്കം ഈ വിഷയം മറ്റു പാര്‍ട്ടികള്‍ സജീവ പ്രചരണായുധമാക്കും. പ്രതികളാക്കപ്പെട്ടവര്‍ വിഎസ് പക്ഷക്കാരായതിനാല്‍ പാര്‍ട്ടിതലത്തില്‍ പോലും അന്വേഷണം നടത്താതെയാണ് സിപിഎം നടപടിയെടുത്തത്. വേലിത്തര്‍ക്കത്തില്‍ വരെ അന്വേഷണകമ്മീഷനെ നിയമിക്കുന്ന സിപിഎം ഇതുവരെ പാര്‍ട്ടി സ്ഥാപകന്റെ സ്മാരകം കത്തിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ല. അച്യുതാനന്ദന്‍ ഇപ്പോള്‍ തൊടുത്തുവിട്ട അമ്പ് ആരെ ലക്ഷ്യമാക്കിയാണെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.