കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ വിവാദമാകുന്നു തെറിയും അശ്ലീലവും

Friday 1 April 2016 10:55 pm IST

കോഴിക്കോട്: തെറിയും അശ്ലീലവും നിറഞ്ഞ കോളേജ് മാഗസിന്‍ വിവാദമാകുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ കഴിഞ്ഞ 28ന് പുറത്തിറക്കിയ 2014-15 വര്‍ഷത്തെ മാഗസിനാണ് തെറിയും, അശ്ലീലവാക്കുകളും, രാജ്യസ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനങ്ങളും മൂലം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മാഗസിന്റെ എഡിറ്റോറിയല്‍ ടീം പൂര്‍ണമായും എസ്എഫ്‌ഐക്കാരാണ്. ശ്രീബുദ്ധന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, വൈക്കം മുഹമ്മദ് ബഷീര്‍,ഭഗത്‌സിംഗ് എന്നിവര്‍ക്ക് നേരെയാണ് അസഭ്യവര്‍ഷം നടത്തുന്നത്. പതിവ്‌പോലെ ദൈവനിന്ദയും എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഈ മാഗസിനിലുണ്ട്. ഗുരുവയൂരപ്പനെയാണ് കളിയാക്കിയിരിക്കുന്നത്. എന്നാല്‍ അഫ്‌സല്‍ഗുരു, യാക്കൂബ് മേമന്‍, ഇഎംഎസ്, അമുദം രാമലിംഗം എന്നിവരെ മാഗസിനില്‍ മഹത്വവത്ക്കരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പരിഹസിച്ച്, യാക്കൂബ് മേമനെ തൂക്കിലേറ്റിയത് ജുഡീഷ്യല്‍ വധമാണെന്നും അത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് പറ്റിയ തെറ്റാണെന്നും മാഗസിന്‍ കുറ്റപ്പെടുത്തുന്നു. രാജീവ്ഗാന്ധി കേസില്‍ പേരറിവാളന്‍ ചെയ്ത കുറ്റം ബോംബിനാണെന്നറിയാതെ ബാറ്ററി വാങ്ങി കൊടുത്തതാണ്. അഫ്‌സല്‍ ഗുരു ചെയ്ത അപരാധം അക്രമികള്‍ക്ക് വാഹനം വാങ്ങിക്കൊടുത്തതാണ്. യാക്കൂബ് മേമന്‍ ചെയ്ത തെറ്റ് ടൈഗര്‍ മേമന്റെ സഹോദരനായി പിറന്നു എന്നതാണെന്നും മാഗസിനില്‍ പറയുന്നു. കുറ്റവാളികളെ സൃഷ്ടിക്കുന്നത് സാഹചര്യങ്ങളാണ് അതുകൊണ്ട് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ മനുഷ്യത്വപരമായ മാര്‍ക്‌സിയന്‍ സങ്കല്പം ഉള്‍ക്കൊള്ളണം. മരണശിക്ഷ കാത്തുകിടക്കുന്നവരില്‍ ഭൂരിഭാഗവും പിന്നാക്ക ദളിത് ന്യൂനപക്ഷമാണ്. തോട്ടിപ്പണിയെ ന്യായീകരിച്ച വിദ്വാനാണ് പ്രധാനമന്ത്രി, സോഷ്യലിസവും മതനിരപേക്ഷതയും ചേര്‍ക്കാതെ, ഭരണഘടനയുടെ ആമുഖം പ്രസിദ്ധീകരിച്ച സര്‍ക്കാറാണ് ഭരിക്കുന്നതെന്നും മാഗസിന്‍ പറയുന്നു. അശ്ലീല ചിത്രങ്ങള്‍ നിറഞ്ഞതും ,സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനങ്ങളോടുകൂടിയതുമായ മാഗസിന്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മ രചനകള്‍ നിഷേധിക്കുകയുംചെയ്തു. ചെറ്റ, തോട്ടി, കന്യക, ,കിളവന്‍, കാടന്‍, സ്വവര്‍ഗ്ഗലൈംഗികത, സഹോദരിബന്ധ നാടകം, മൃഗരതി, ബാത്ത്‌റൂം ലൈംഗികത, പോണോഗ്രാഫി എന്നിങ്ങനെയാണ് ലേഖനങ്ങള്‍ക്ക് പേര് നല്‍കിയത്. ഡോ. പി.സി. രതി തമ്പുരാട്ടി ചീഫ് എഡിറ്ററും, ഡോ. അനില്‍വര്‍മ്മ സ്റ്റാഫ് എഡിറ്ററും, ശ്രീഷമീം സ്റ്റുഡന്റ് എഡിറ്ററുമായ കമ്മിറ്റിയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഉടന്‍തന്നെ മാഗസിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് അങ്കണത്തില്‍ ഇന്നലെ മാഗസിന്‍ കത്തിച്ച് പ്രതിഷേധിച്ചു. പിന്‍വലിക്കാത്തപക്ഷം വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എബിവിപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.