ഭാരത് മാതാ കീ ജയ് വിളിച്ചുകൂടെന്നോ?

Saturday 2 April 2016 8:47 pm IST

''കഴുത്തില്‍ കത്തിവച്ചാലും ഭാരത് മാതാകീ ജയ് എന്നുവിളിക്കില്ല'' എന്ന് പ്രസ്താവിച്ച അസാസുദ്ദീന്‍ ഒവൈസി അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദ് ഉല്‍ മുസ്ലീമിന്‍ എന്ന പാര്‍ട്ടിയുടെ അമരക്കാരനായ നേതാവാണ്. ഇപ്പോള്‍ ദാറുല്‍ ഉലും ദേവബന്ദ്  എന്ന ഇസ്ലാമിക മദ്രസയും ഭാരത് മാതാ കീ ജയ് എന്ന് ഉച്ചരിച്ചുകൂടെന്ന ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു. അവരുടെ എട്ടംഗ പണ്ഡിതന്മാരാണ് ഫത്‌വയ്ക്കു പിന്നിലുള്ളത്. ആകെകൂടി  ഭാരതീയ ദേശീയതയെ അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ആസൂത്രിതശ്രമമായി മാത്രമേ ഇതിനെ കാണാന്‍ നിവൃത്തിയുള്ളൂ.  ഇത്തരം സമീപനങ്ങളില്‍ പതിയിരിക്കുന്ന അപകടം ദേശസ്‌നേഹികളായ മുഴുവന്‍ ഭാരതീയരും മനസ്സിലാക്കുകയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ദേശവിരുദ്ധ മനോഭാവം മറനീക്കി പുറത്തുവരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്.  കക്ഷിരാഷ്ട്രീയത്തിനതീതമായി ഭാരതവിരുദ്ധരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രം മുന്നോട്ടുവരികയാണുവേണ്ടത്. ഭാരതഭരണഘടനയില്‍ 1975 ല്‍ തുന്നിച്ചേര്‍ത്ത മൗലിക കടമകളില്‍ ദേശീയ പൈതൃകവും പാരമ്പര്യവും ദേശീയ ഐക്യവും സംരക്ഷിക്കപ്പെടേണ്ടത് പൗരന്റെ കടമയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യനാളുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതിനെ സര്‍വ്വേന്ത്യാലീഗും കമ്യൂണിസ്റ്റുകാരും എതിര്‍ത്തിരുന്നു. മതത്തിന്റെയും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റെയും പേരിലായിരുന്നു അക്കാലത്ത് ഭാരത് മാതാ സങ്കല്‍പ്പത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നത്. ആദ്യഘട്ടങ്ങളില്‍ ആരും ഈ വിപത്തിനെ ഗൗരവപൂര്‍വ്വം വീക്ഷിക്കാന്‍ തയ്യാറായതുമില്ല. എന്നാല്‍ അവസാനം 1940 ലെ ലാഹോര്‍ പ്രമേയം ജിന്നയുടെ നേതൃത്വത്തില്‍ പാസാക്കിയതിനെതുടര്‍ന്ന് രാജ്യം വെട്ടിമുറിക്കപ്പെടുകയാണുണ്ടായത്. മതമല്ല, മറിച്ച് ദേശീയതയാണ് രാഷ്ട്രത്തിനടിസ്ഥാനമെന്ന് വാദിച്ച മഹാത്മാഗാന്ധിയെയും അന്നത്തെ കോണ്‍ഗ്രസിനെയും ഹിന്ദുവര്‍ഗ്ഗീയവാദികളായിട്ടാണ് മുസ്ലിംലീഗ് ചിത്രീകരിച്ചിരുന്നത്. ഇതിനെ സര്‍വ്വാത്മനാ പിന്താങ്ങിയ ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. പാകിസ്ഥാന്‍ വാദം ന്യായമായ ന്യൂനപക്ഷ അവകാശമാണെന്ന് പറയാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് യാതൊരുവിധ മനഃസാക്ഷിക്കുത്തുമുണ്ടായില്ല.  അവസാനം മതത്തിന്റെ പേരില്‍ രാഷ്ട്രം രണ്ടായി വെട്ടിമുറിക്കപ്പെടുകയും ചെയ്തു. എന്നിട്ടും പാഠമൊന്നും പഠിക്കാത്തവരാണ് വര്‍ത്തമാനകാല ഭാരതീയര്‍. 1946 ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷ് ക്യാബിനറ്റ് തത്വത്തില്‍ തീരുമാനിച്ചിരുന്നു.  ഇതിന്റെ  വിശദാംശങ്ങള്‍ നിശ്ചയിക്കാന്‍ ക്യാബിനറ്റ് മിഷനെ  ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിലേക്കയക്കുകയും ചെയ്തിരുന്നു. ക്യാബിനറ്റ് മിഷന്‍ മുമ്പാകെ ഗാന്ധിജിയും കൂട്ടരും നല്‍കിയ മെമ്മോറാണ്ടത്തില്‍ രാഷ്ട്രം ഏകമായി നില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.  ജിന്നയുടെ മുസ്ലിംലീഗ് ഹിന്ദു-മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി ഭാരതത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്യാബിനറ്റ് മിഷന് നല്‍കിയ മെമ്മോറാണ്ടത്തില്‍ നമ്മുടെ മഹത്തായ ഭാരതത്തെ പതിനാറ് പരമാധികാര റിപ്പബ്ലിക്കുകളായി വിഭജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിലും ബംഗാളിലും ആന്ധ്രപ്രദേശിലും കമ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളില്‍  പതിനാറ് പരമാധികാര രാഷ്ട്രങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളികളാണ് ഉയര്‍ത്തിയിരുന്നത്. രാഷ്ട്രം രണ്ടായി വെട്ടിമുറിക്കപ്പെട്ടതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. വിഭജനത്തിന്റെ രാഷ്ട്രീയം  ഇപ്പോഴും ഇടതുപക്ഷത്തിന്റെയും മറ്റും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് അനാവശ്യമായ ജെഎന്‍യു വിവാദവും ഇപ്പോഴത്തെ ഭാരതമാതാ വിരുദ്ധ സമീപനവും. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ ജീവന്‍ ഹോമിച്ചവരും ജീവിതം യാതനപൂര്‍ണ്ണമാക്കുകയും ചെയ്ത ഒട്ടേറെ ത്യാഗികളുടെ നാടാണ് ഭാരതം. അവരുടെ പോരാട്ടത്തിന്റെ പിന്നിലെ മാസ്മരശക്തിയായി കണക്കാക്കപ്പെടുന്ന ഉജ്ജ്വല മന്ത്രമായിരുന്നു ഭാരത് മാതാകീ ജയ് എന്നുള്ളത്. അത് ഉദ്‌ഘോഷിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചവര്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തവരും ദേശത്തെ മതത്തിന്റെപേരില്‍ വെട്ടിമുറിക്കണമെന്ന് ശഠിച്ചവരുമായിരുന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശമെന്ന മേലങ്കിചാര്‍ത്തി രാഷ്ട്രസങ്കല്‍പ്പത്തിനെതിരെ ഉറഞ്ഞുതുള്ളിയ ഇക്കൂട്ടരുടെ ശ്രമം സ്വാതന്ത്ര്യസമരത്തിന്റെ  അന്നത്തെ പൊതുധാരയ്‌ക്കെതിരായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തെ തകര്‍ക്കാനുള്ള കുത്സിത ശ്രമം ഇത്തരം ഉദ്യമങ്ങള്‍ക്കുപിന്നിലുണ്ടായിരുന്നു എന്നത് അംഗീകൃത സത്യമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നടത്തിയ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി അബ്ദുള്‍ കലാം ആസാദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുഹമ്മദാലി ജിന്നയ്ക്ക് ഒരു സന്ദേശം അയച്ചിരുന്നു. പ്രസ്തുത സന്ദേശത്തില്‍ മുസ്ലിമായ  താന്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരിക്കുന്നതുപയോഗിച്ച്  നാടിന്റെ വിഭജനം ഒഴിവാക്കാനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു ആസാദ് പറഞ്ഞിരുന്നത്.  എന്നാല്‍ ജിന്ന അയച്ച മറുപടിയില്‍ താങ്കള്‍ ഹിന്ദുവര്‍ഗ്ഗീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ചില്ലലമാരയിലെ വെറുമൊരു കാഴ്ചപ്പണ്ടം മാത്രമാണെന്നും അതുകൊണ്ട് താങ്കളുമായി യാതൊരുവിധ ആശയവിനിമയത്തിനും താന്‍ തയ്യാറല്ലെന്നുമാണ് അറിയിച്ചിരുന്നത്. അന്ന് ഭാരത മാതാ കീ ജയ് എന്നുവിളിച്ചിരുന്ന ദേശസ്‌നേഹികളുടെ പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ന്യൂനപക്ഷവിരുദ്ധരും ജനദ്രോഹികളും ഹിന്ദുവര്‍ഗ്ഗീയവാദികളുമായാണ് ചിത്രീകരിക്കപ്പെട്ടത്.  സ്വാതന്ത്ര്യം കിട്ടി  ആറര പതിറ്റാണ്ട് പിന്നിട്ടപ്പോഴും പഴയ ദേശവിരുദ്ധ മനോഭാവത്തിന്റെ തനിയാവര്‍ത്തനം ഇവിടെ ഉണ്ടാകുന്നു എന്നത് അത്യന്തം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്. ഇന്ന് സംഘപരിവാറിനെതിരെ അഴിഞ്ഞാടുന്നവര്‍ തന്നെയാണ് അന്ന് കോണ്‍ഗ്രസ്സിനെ ഹിന്ദുവര്‍ഗ്ഗീയവാദികളാക്കി തകര്‍ക്കാന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം ഭാരത ഉപഭൂഖണ്ഡത്തില്‍ ഒട്ടേറെ രാഷ്ട്രീയ രൂപപരിണാമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാക്കിസ്ഥാന്‍ രണ്ടായിത്തീരുകയും ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം നിലവില്‍വരികയും ചെയ്തു.  ഡാക്കാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ബംഗാളി തനിമയ്ക്കുവേണ്ടി നടത്തിയ പോരാട്ടമാണ് ബംഗ്ലാദേശിന്റെ രൂപീകരിണത്തിന് നിര്‍ബന്ധിതമാക്കിയ സാഹചര്യങ്ങളിലൊന്ന്. ബംഗ്ലാദേശിന്റെ ദേശീയഗാനം തന്നെ ഈ പശ്ചാത്തലം എടുത്തുകാട്ടുന്നുണ്ട്.  മതമാണ് രാഷ്ട്രത്തിനടിസ്ഥാനമെന്ന് വാദിച്ചവര്‍ നാണിച്ചു തലതാഴ്‌ത്തേണ്ടതായി വന്നു.  ഇത്തരമൊരു പരിതസ്ഥിതിക്കാണ് ബംഗ്ലാദേശിന്റെ  പിറവി വഴിമരുന്നിട്ടത്. സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിംലീഗിന്റെ ചരിത്രമെഴുതിയപ്പോള്‍ ഭാരതം ഏകമല്ലെന്നും മറിച്ച് ബ്രിട്ടീഷുകാര്‍ കരംപിരിക്കാന്‍വേണ്ടി കൂട്ടിചേര്‍ത്ത നാട്ടുരാജ്യസമുച്ചയമാണെന്നും എഴുതിപിടിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരും ഭാരതത്തെ ഒരു ഏകരാഷ്ട്രമായി അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. 1947 ല്‍ വിഭജന പശ്ചാത്തലത്തില്‍ നാടുവിട്ട് പാകിസ്ഥാനിലേക്കുപോയ ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങളെ ഡാക്കയും കറാച്ചിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല അവരെ രണ്ടാംതരക്കാരാക്കി വേട്ടയാടുകയാണുണ്ടായത്.  ചരിത്രം കുഴിച്ചുമൂടിയ ഹതഭാഗ്യരാണ് ഇക്കൂട്ടര്‍. മൊഹാജീര്‍ മുസ്ലിങ്ങളെന്നും ബിഹാറികളെന്നും അറിയപ്പെടുന്ന ഇവര്‍ ന്യൂനപക്ഷ വികാരത്തള്ളിച്ചയില്‍ ആവേശംപൂണ്ട് നാടുവിട്ടുപോയി കാലക്രമത്തില്‍ ഗതികിട്ടാപ്രേതങ്ങളായി മാറിയവരാണ്. ഭാരതത്തിലെ മുസ്ലിങ്ങളെ ഇക്കാര്യങ്ങളൊന്നും പറഞ്ഞുമനസിലാക്കാന്‍ ആരുമില്ലെന്നതാണ് ദുഃഖസത്യം. കരംപിരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൂട്ടിച്ചേര്‍ത്ത ഒന്നിനെയാണ് ഭാരതാംബയെന്ന് ചിലര്‍ വിളിക്കുന്നതെന്ന് ആക്ഷേപിച്ച കമ്യൂണിസ്റ്റ്-ലീഗ് ദേശവിരുദ്ധ മനോഭാവത്തിന്റെ പുത്തന്‍ കാഹളമാണ് ജെഎന്‍യുവില്‍ ഈയടുത്ത് മുഴങ്ങി കേട്ടത്. അന്ധമായ ബിജെപി വിരോധത്താല്‍ സത്യത്തെ കുഴിച്ചുമൂടുന്ന സ്ഥിതിയാണ് പല പ്രശ്‌നങ്ങളിലും ഇപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഭാരത ദേശീയത ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഏതൊരു പൗരനും ബാദ്ധ്യസ്ഥനാണെന്ന് ഭാരത ഭരണഘടന ഉദ്‌ഘോഷിക്കുന്നു. ഒരു ബഹുമത-ബഹുസ്വര സമൂഹത്തില്‍ രാജ്യത്തിന്റെ വൈവിധ്യം മാനിക്കപ്പെടുകയും അത് വൈരുദ്ധ്യമാകാതെ കാത്തുസൂക്ഷിക്കുകയുമാണ് വേണ്ടത്. ഒവൈസിമാരും യെച്ചൂരിമാരും പഴയ 1940 ല്‍ രാഷ്ട്രവിഭജനത്തിനുവേണ്ടി മുസ്ലിംലീഗ് പാസാക്കിയ ലാഹോര്‍ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് ഇവിടെ  പടനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ രാഹുല്‍ കോണ്‍ഗ്രസും ഇതിനെ പിന്തുണയ്ക്കുന്നു.  ദേശീയോദ്ഗ്രഥനവും ദേശസുരക്ഷയും നേരിടുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കാന്‍ നാട് ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.