സിപിഎം വേട്ടയാടിയത് പൊറുക്കാനാവില്ല തറവാട് ചുട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന നികേഷിന് വോട്ട് ചെയ്യില്ലെന്ന് എംവിആറിന്റെ സഹോദരി

Saturday 2 April 2016 10:52 pm IST

കണ്ണൂര്‍: ഒരു ജീവിതകാലം മുഴുവന്‍ എംവിആറിനെ വേട്ടയാടിയത് മറന്ന് സിപിഎമ്മിനൊപ്പം കൂട്ടുകൂടിയ നികേഷ് കുമാറിന് വോട്ട് ചെയ്യില്ലെന്ന് എംവിആറിന്റെ സഹോദരി എം.വി. ലക്ഷ്മിയമ്മ. ഇന്നലെ രാവിലെ തന്റെ വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ലക്ഷ്മിയമ്മ നികേഷിനെതിരെ പൊട്ടിത്തെറിച്ചത്. സിപിഎം വിട്ട് സിഎംപിയുണ്ടാക്കിയതിന് എംവിആറിന്റെ കുടുംബത്തെ മുഴുവന്‍ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. അന്നത്തെ കരാള രാത്രികള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് പോയിട്ടില്ല. 1996 ലെ കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം എംവിആറിന്റെ വീട് സിപിഎം സംഘം പൂര്‍ണ്ണമായും തീവെച്ച് നശിപ്പിച്ചിരുന്നു. കല്ലോട് കല്ല് തകര്‍ത്ത് വീട്ട് മുറ്റത്തെ കിണര്‍ പോലും മൂടിയാണ് അന്ന് സിപിഎമ്മുകാര്‍ പക തീര്‍ത്തത്. സിപിഎം അക്രമം അരങ്ങേറുമ്പോള്‍ സഹോദരി ലക്ഷ്മിയമ്മ മാത്രമാണ് തറവാട് വീട്ടിലുണ്ടായിരുന്നത്. ഒരു സ്ത്രീയാണെന്ന പരിഗണനപോലും സിപിഎം സംഘം അവര്‍ക്ക് കൊടുത്തില്ല. വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത് കൊണ്ടാണ് അവര്‍ക്ക് അന്ന് തലനാരിഴക്ക് ജീവന്‍ തിരികെ ലഭിച്ചത്. അല്ലെങ്കില്‍ ഈ ലക്ഷ്മിയെയും അവര്‍ ചുട്ട് കൊന്നേനെ. അന്നത്തെ വേട്ടയാടല്‍ തനിക്ക് മറക്കാനാവില്ലെന്ന് ലക്ഷ്മിയമ്മ പറഞ്ഞു. അന്ന് തകര്‍ത്ത വീട് പിന്നീട് പുതുക്കിപ്പണിയാനോ അവിടം സന്ദര്‍ശിക്കുവാനോ വര്‍ഷങ്ങളോളം സിപിഎമ്മുകാര്‍ എംവിആറിനെ അനുവദിച്ചില്ല. സിപിഎം അക്രമത്തിന്റെ സ്മരണപോലെ തകര്‍ന്ന വീട് ഇപ്പോഴും അവിടെ കാട് പിടിച്ച് കിടക്കുന്നുണ്ട്. തറവാടിന് സമീപത്ത് പണിതീര്‍ത്ത മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ ലക്ഷ്മി താമസിക്കുന്നത്. തറവാട് ചുട്ടവര്‍ക്കൊപ്പം നിന്ന നികേഷിന് താനും തന്റെ കുടുംബവും വോട്ട് ചെയ്യില്ലെന്നും ലക്ഷ്മിയമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.