യുഡിഎഫ് പ്രചാരണം സര്‍ക്കാര്‍ ചെലവില്‍

Saturday 2 April 2016 11:13 pm IST

കോഴിക്കോട്: സര്‍ക്കാര്‍ ചെലവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം. വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന നിരവധി പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് എന്ന പേരിലുള്ള ലഘു പുസ്തകത്തിന്റെ  മാത്രം 1.5 ലക്ഷം കോപ്പികളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിനു ശേഷവും ഇതിന്റെ വിതരണം നടക്കുന്നുണ്ട്. വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും വഴിയാണ് പുസ്തകം വിതരണം ചെയ്തത് എന്ന് അവകാശപ്പെടുമ്പോഴും പുസ്തകങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകരാണ് ഇപ്പോള്‍ വീടുകളിലെത്തിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് എന്ന പുസ്തകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് വിവരിക്കുന്നതെങ്കിലും ഭൂരിഭാഗവും കേന്ദ്ര പദ്ധതികളാണ്. വിഴിഞ്ഞം തുറമുഖം 1000 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് ഇതില്‍ അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിവരിക്കുമ്പോഴും കേന്ദ്ര സഹായത്തെക്കുറിച്ച് അതില്‍ സൂചിപ്പിക്കുന്നേയില്ല. 40 വര്‍ഷമായി മുടങ്ങിക്കിടന്ന 1,466 കോടി രൂപയുടെ നാല് ബൈപാസുകള്‍ പൂര്‍ത്തിയാകുന്നുവെന്ന് പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്. 28.1 കി. മീറ്റര്‍ കോഴിക്കോട് ബൈപാസ് നിര്‍മ്മാണം 18 മാസം കൊണ്ട് പൂര്‍ത്തിയായെന്നാണ് മറ്റൊരു അവകാശവാദം. എന്നാല്‍ എന്തുകൊണ്ടാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഇത് മുടങ്ങിക്കിടന്നത് എന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.