തിരുകൊച്ചിയുടെ കാലം മുതലേ കോതമംഗലത്ത് ത്രികോണ മല്‍സരം

Saturday 2 April 2016 11:23 pm IST

കൊച്ചി: ശക്തമായ ത്രികോണ മത്സരങ്ങള്‍ക്കു വേദിയാകുന്ന എറണാകുളം ജില്ലയിലെ മലയോര മണ്ഡലമാണ് കോതമംഗലം. തിരുകൊച്ചി നിയമസഭയുടെ കാലത്തേയുളളതാണീ പതിവ്. കേരളപ്പിറവി വേളയില്‍ പക്ഷേ മണ്ഡലമുണ്ടായിരുന്നില്ല. പിന്നീട് 65 ലാണ് മണ്ഡലം പിറവിയെടുക്കുന്നത്. 1951 ല്‍ തിരുകൊച്ചി സഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത് എന്‍ പി വര്‍ഗീസ് എന്ന സ്വതന്ത്രനായിരുന്നു. 54 ല്‍ പി എസ് പി യിലെ മജ്ഞുനാഥപ്രഭുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളനിയമസഭയില്‍ മണ്ഡലം പിറവിയെടുത്ത 65 ല്‍ കേരള കോണ്‍ഗ്രസിലെ കെ.എം. ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ ത്രികോണ മത്സരത്തിനു ആദ്യ തിരഞ്ഞെടുപ്പ് തന്നെ വേദിയായി. പിന്നീട് സി.പി.എം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നിവ നേരിട്ട്  ഏറ്റുമുട്ടിയ 67 ല്‍ വിജയം സിപിഎമ്മിലെ ടി.എം. മീതിയനായിരുന്നു. 1970 ല്‍ വീണ്ടും ഇതേ ശക്തികളുടെ പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായ എം.ഐ. മാര്‍ക്കോസ് ആണ് ജയിച്ചത്. കക്ഷി ബന്ധങ്ങളിലെ മാറ്റങ്ങളെ തുടര്‍ന്ന് 77 ലും 80 ലും കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടലിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 77 ല്‍ കേരള കോണ്‍ഗ്രസിലെ എം.വി. മാണി കേരള കോണ്‍ഗ്രസ് പിളള ഗ്രൂപ്പിലെ എം.ഇ. കുര്യാക്കോസിനെ പരാജയപ്പെടുത്തി. 1980 ല്‍ കേരള കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായിട്ടായിരുന്നു മത്സരം. കേരള കോണ്‍ഗ്രസിലെ ടി.എം. ജേക്കബിനായിരുന്നു ജയം. 82 ലും 87 ലും കേരള കോ ണ്‍ഗ്രസും സി.പി.എമ്മും തമ്മിലായി അങ്കം. രണ്ടു തവണയും കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബ് വിജയിച്ചു. 82 ല്‍ കെ സി(ജെ) ആയിരുന്ന ജേക്കബ് 87 ല്‍ മാണി വിഭാഗം സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. 1991 ല്‍ കോണ്‍ഗ്രസിലെ വി ജെ പൗലോസിനൊപ്പം നിന്ന മണ്ഡലം 96 ലും 2001 ലും പൗലോസിനെ തന്നെ നിയമസഭയിലേക്കയച്ചു. 91 ല്‍ ഇടതുപക്ഷ സ്വതന്ത്രനും, 96 ല്‍ സി പി എമ്മും, 2001 ല്‍ കേരള കോണ്‍ഗ്രസുമായിരുന്നു മുഖ്യ എതിരാളി. 2006 ല്‍ നാലാമൂഴം തേടിയിറങ്ങിയ പൗലോസ് കേരള കോണ്‍ഗ്രസിലെ ടി.യു. കുരുവിളയോട് 1814 വോട്ടിനു പരാജയമറിഞ്ഞു. 2011ല്‍ വീണ്ടും ടി.യു കുരുവിള 12222 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തി. കോതമംഗലം താലൂക്കിലെ കോതമംഗലം നഗരസഭ, കവളങ്ങാട്, കീരമ്പാറ, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി, കോട്ടപ്പടി ഗ്രാമപഞ്ചായത്തുകള്‍ അടങ്ങിയതാണ് കോതമംഗലം നിയമസഭ മണ്ഡലം.  കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കു പ്രകാരം 78232 പുരുഷന്മാരും 77744 വനിതകളും ഉള്‍പ്പടെ 155976 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ ഇനിയും മാറ്റം വരാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.