നിലമ്പൂര്‍ ശക്തമായ ത്രികോണ മത്സരത്തിലേക്ക്‌

Sunday 3 April 2016 1:09 pm IST

നിലമ്പൂര്‍: കാത്തിരുന്ന് കാത്തിരുന്ന് അവസാനം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായി. ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിഡിജെഎസിന്റെ ഗിരീഷ് മേക്കാടനാണ്. എന്‍ഡിഎ പ്രവര്‍ത്തകര്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുകളില്‍ ഗിരീഷ് മേക്കാടന്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. വ്യവസായി പി.വി.അന്‍വറാണ് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്നത്. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ സിപിഎമ്മിലെ തമ്മില്‍ തല്ല് ഇതുവരെ ശമിച്ചിട്ടില്ല. മുതലാളിമാരുടെ സ്വന്തം പാര്‍ട്ടിയായി സിപിഎം മാറുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ നേതൃത്വം വഞ്ചിക്കുകയാണ് ചെയ്തതെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ഇവര്‍ക്ക് പിന്തുണയുമായി സിപിഎം വിമതരും എത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. പി.വി.അന്‍വറിനെതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വിമതവിഭാഗം പ്രഖ്യാപിച്ച് കഴിഞ്ഞു. യുഡിഎഫിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കെപിസിസി സെക്രട്ടറി വി.വി.പ്രകാശിന് സീറ്റ് ലഭിക്കുമെന്ന് ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആര്യാടന്‍ മുഹമ്മദ് മകന് വേണ്ടി നടത്തിയ ചരടുവലിയില്‍ അത് നഷ്ടപ്പെടുകയായിരുന്നു. ഇരുമുന്നണികളിലേയും തമ്മിലടി ശരിക്കും ഗുണം ചെയ്യുന്നത് എന്‍ഡിഎക്കാണ്. സമീപകാലത്ത് ധാരാളം ആളുകള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിപിഎമ്മിന്റെ മുതലാളി സ്‌നേഹത്തിനും കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനും ചുട്ടമറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് നിലമ്പൂരിലെ ജനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.