തളിപ്പറമ്പില്‍ പ്രചരണ രംഗത്ത് ബിജെപി മുന്നേറ്റം

Sunday 3 April 2016 6:24 pm IST

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കലൊഴികെ എന്നും സിപിഎം വിജയിച്ച തളിപ്പറമ്പ് മണ്ഡലത്തില്‍ ഇക്കുറി മാറ്റം സുനിശ്ചിതമാണെന്ന് വ്യക്തമാക്കി പ്രചരണ രംഗത്ത് ബിജെപി മുന്നേറ്റം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളില്‍, ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായ ബിജെപി ശക്തമായ മുന്നേറ്റം മണ്ഡലത്തിലുണ്ടാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. തളിപ്പറമ്പ് മേഖലയില്‍ നിരവധി ശിഷ്യഗണങ്ങള്‍ക്കുടമയും മണ്ഡലത്തിലുടനീളം ഏവര്‍ക്കും സുപരിചിതനുമായ പി.ബാലകൃഷ്ണന്‍ മാസ്റ്ററാണ് ബിജെപിക്കു വേണ്ടി ഇക്കുറി മണ്ഡലത്തില്‍ മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിക്കപ്പെട്ട നിമിഷം തൊട്ട് മണ്ഡലത്തിലുടനീളം ബാലകൃഷ്ണന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായ ബാലകൃഷ്ണന്‍ തളിപ്പറമ്പിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ നാഷണല്‍ കോളേജിലെ ചരിത്രാധ്യാപകനാണ്. പടപ്പേങ്ങാട് സ്വദേശിയാണ്. ആര്‍എസ്എസിലൂടെ ബിജെപിയിലെത്തിയ ഇദ്ദേഹം 4 വര്‍ഷക്കാലം ഡല്‍ഹി അരവിന്ദാശ്രമത്തില്‍ പ്രവര്‍ത്തിച്ചു. മാലിദ്വീപില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരോളി സ്വദേശിയായതീയാടത്ത് ബിന്ദുവാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഹരിപ്രിയ, ഗോപിക എന്നിവര്‍ മക്കളാണ്.
സിറ്റിംഗ് എംഎല്‍എ ജെയിംസ് മാത്യുവിനേയാണ് ഇത്തവണയും ഇടത് മുന്നണി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. യുഡിഎഫിലാവട്ടെ സീറ്റ് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. വിജയ സാധ്യത വളരെ കുറഞ്ഞ മണ്ഡലം ഘടകകക്ഷികള്‍ക്കായാണ് യുഡിഎഫ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിനായിരുന്നു യുഡിഎഫ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇക്കുറി കേരള കോണ്‍ഗ്രസ് ആദ്യമേതന്നെ തളിപ്പറമ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു.
ജെയിംസ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലി ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും നിലനില്‍ക്കുന്ന എതിര്‍പ്പുകള്‍ പാര്‍ട്ടിവോട്ടുകള്‍ കുറയാന്‍ വഴിയൊരുക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അധ്യാപകന്റെ മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയും ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്ത സംഭവവും മണ്ഡലത്തിലെ ചുഴലിയുള്‍പ്പെടെയുളള ചില സിപിഎം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.
യുഡിഎഫാവട്ടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെപ്പോലും പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍തന്നെ പരാജയം സമ്മതിച്ച സ്ഥിതിയാണ്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുളള ഘടക കക്ഷികള്‍ക്ക് ശക്തമായ സ്വാധീനം മണഅഢലത്തിലുണ്ടെങ്കിലും സംസ്ഥാനതലത്തില്‍ത്തന്നെ യുഡിഎഫിനകത്ത് രൂപം കൊണ്ട അസ്വാരസ്യങ്ങള്‍ മണ്ഡലത്തിലും ബാധിച്ചിട്ടുണ്ട്. പരാജയപ്പെടുന്ന സീറ്റെന്ന നിലയില്‍ മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങാന്‍ നേതാക്കളാരും തയ്യാറാവാത്ത സ്ഥിതിയാണ് നിലവിലുളളത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27,861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാര്‍ഥിയായ ജെയിംസ് മാത്യു വിജയിച്ചത്. കേരളാ കോണ്‍ഗ്രസിലെ ജോബ് മൈക്കിളായിരുന്നു എതിരാളി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.കെ.ജയപ്രകാശ് 6492 വോട്ട് നേടിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപി നേടുകയുണ്ടായി.
ലീഗ് ഭരിക്കുന്ന തളിപ്പറമ്പ്, എല്‍ഡിഎഫ് എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭകള്‍, യുഡിഎഫ് ഭരിക്കുന്ന ചപ്പാരപ്പടവ്, കൊളച്ചേരി, എല്‍ഡിഎഫ് മേധാവിത്വമുള്ള കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം എന്നിവ ഉള്‍പ്പെടുന്നതാണ് തളിപ്പറമ്പ് മണ്ഡലം. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് തളിപ്പറമ്പ്. ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ള മണ്ഡലവും തളിപ്പറമ്പാണ്. ഇരുപതിനായിരത്തിലധികം പുതിയ വോട്ടര്‍മാര്‍ ഇത്തവണ മണ്ഡലത്തിലുണ്ടാവും. 1970ല്‍ ഒരേ ഒരു തവണയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുളളത്. കോണ്‍ഗ്രസിലെ സി.പി.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു 909 വോട്ടിന് അന്ന് വിജയിച്ചത്. ഇടത്-വലത് മുന്നണികളേക്കാള്‍ മുന്നേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ ഇത്തവണ വര്‍ദ്ധിപ്പിച്ച് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച തെളിയിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി മണ്ഡലം നേതൃത്വം. മാത്രമല്ല പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ രൂപം കൊണ്ട എന്‍ഡിഎ സഖ്യത്തിലെ ബിജെഡിഎസിന് മണ്ഡലത്തിലുളള ശക്തമായ സ്വാധീനവും ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.