പുതിയ രോഗങ്ങള്‍ കീടനാശിനിയിലൂടെ

Sunday 3 April 2016 8:31 pm IST

ജന്മഭൂമിയില്‍ ഏതാനും വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാനെക്കുറിച്ച് ലേഖനം എഴുതിയതിന്റെ പിറ്റേന്ന് മുംബൈയില്‍നിന്നും ഒരു ഫോണ്‍കോള്‍ വന്നു. മലയാളത്തിലായിരുന്നു സംസാരം. കാസര്‍കോട് മനുഷ്യര്‍ക്കുണ്ടായ ജനിതക വൈകല്യങ്ങള്‍ കീടനാശിനി മൂലമുണ്ടായതല്ല എന്ന് എന്നെ പഠിപ്പിക്കലായിരുന്നു ഫോണ്‍ വിളിയുടെ ഉദ്ദേശ്യം. സംഭാഷണം പത്ത് മിനിറ്റ് നീണ്ടു. സംഭാഷണത്തിന്റെ അവസാനമാണ് കീടനാശിനിക്കമ്പനികളുടെ അസോസിയേഷന്‍ സെക്രട്ടറിയാണ് അയാളെന്ന് വിളിച്ചയാള്‍ എന്നെ പരിചയപ്പെടുത്തിയത്. അന്നും ഇന്നും അത് ശരിയാണോ എന്ന് എനിക്കറിയില്ല. നാട്ടില്‍ വരുമ്പോള്‍ എന്നെ കാണുവാന്‍ സമയം തരണമെന്നും പറഞ്ഞാണ് സംഭാഷണം നിര്‍ത്തിയത്. അന്നുതന്നെ കീടനാശിനിയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ രൂക്ഷമാണെന്ന് അയാളുടെ സംസാരത്തില്‍ നിന്നും എനിക്ക് ഉറപ്പായി. ജനങ്ങള്‍ക്കുണ്ടാക്കുന്ന രോഗങ്ങള്‍ കീടനാശിനികള്‍ മൂലമാണെന്ന് ഒരിക്കലും മനസ്സിലാക്കാതിരിക്കാനാണ് കമ്പനികളുടെ ഇത്തരം ഇടപെടലുകള്‍ എന്ന് സംശയിച്ചുപോകും. കീടനാശിനി ഉല്‍പ്പാദകലോബി വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പെസ്റ്റിസൈഡുകള്‍ (പിഒപി) കാലക്രമേണ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഉച്ചകോടികള്‍ നടത്തുമ്പോള്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നത് പലപ്പോഴും പിഒപി ഉല്‍പ്പാദകരായ കീടനാശിനിക്കമ്പനികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന വാര്‍ത്തകള്‍ വന്നതാണ്. ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ത്തന്നെ മന്ത്രാലയങ്ങളിലൂടെ സ്വാധീനം ചെലുത്തി തങ്ങള്‍ക്കുവേണ്ട ആളുകളെ തിരുകികയറ്റുവാന്‍ ഈ ലോബിക്കു സാധിക്കുന്നുണ്ടെങ്കില്‍ അത് ഭയത്തോടെ മാത്രമെ കാണാനാകൂ. കായലുകളിലും പുഴകളിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണം കീടനാശിനികളുടെ അമിതമായ സാന്നിദ്ധ്യമാണെന്ന് തിരിച്ചറിഞ്ഞാല്‍പ്പോലും വാര്‍ത്ത പുറത്തറിയാതിരിക്കുവാന്‍ കീടനാശിനി മാഫിയക്ക് സംവിധാനങ്ങളുണ്ടെന്ന് പറയപ്പെടുന്നു. 2016 ഏപ്രില്‍ ഒന്നാം തീയതി ചില പത്രങ്ങളില്‍ കീടനാശിനിക്കമ്പനിക്കാര്‍ ഉടക്കിയതിന്റെ വെളിച്ചത്തില്‍ പച്ചക്കറികളില്‍നിന്നും വിഷം കളയുന്ന ഉല്‍പ്പന്നമായ വെജിവാഷ് ഉണ്ടാക്കുന്ന വിദ്യ കര്‍ഷകര്‍ക്ക് പഠിപ്പിച്ചു കൊടുക്കുവാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കഴിയുന്നില്ലെന്നാണ് വാര്‍ത്തയുണ്ടായിരുന്നത്. വെജി വാഷ് ഭക്ഷ്യ ഉല്‍പ്പന്നമാണെന്നും അത് ഉണ്ടാക്കി വില്‍പ്പന നടത്തണമെങ്കില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ കണ്‍സെന്റ് വേണമെന്നും അതില്ലാത്തതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കീടനാശിനി കമ്പനിക്കാരുടെ വാദമുഖം. ഈ സാഹചര്യത്തില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങളായ പച്ചക്കറികളില്‍ നിന്നും വിഷം മാറ്റുവാനുള്ള ചെലവ് കുറഞ്ഞ വിദ്യ പഠിപ്പിക്കുന്നതില്‍നിന്നും കേരള കാര്‍ഷിക സര്‍വകലാശാല തല്‍ക്കാലം പിന്മാറിയിരിക്കുന്നുവെന്നാണ് വാര്‍ത്ത. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന കീടനാശിനി കലര്‍ന്ന പച്ചക്കറികളിലും പഴങ്ങളിലും നിന്ന് വിഷാംശം മാറ്റുവാനുള്ള നൂതനവിദ്യയാണ് ഇതോടെ ജനങ്ങളറിയാതെ പോകുന്നത്. കേരളത്തിലെ ഒരു സര്‍വകലാശാലയിലെ പ്രവര്‍ത്തനത്തെപ്പോലും നിയന്ത്രിക്കുവാന്‍ ചിലര്‍ക്ക് കഴിയുന്നുവെന്നത് സര്‍വകലാശാലയുടെ സ്വയംഭരണത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ജൈവകൃഷി പ്രോത്സാഹനത്തെ ഏറെ ഭയപ്പെടുന്നത് കീടനാശിനി ഉല്‍പ്പാദകരാണ്. കീടങ്ങളെ അകറ്റുവാന്‍ കര്‍ഷകര്‍ ജൈവകീടനാശിനി ഉപയോഗിക്കുവാന്‍ തുടങ്ങിയാല്‍ പ്രശ്‌നം നേരിടേണ്ടിവരിക കീടനാശിനി ഉല്‍പ്പാദകര്‍ക്കാണ്. അതുകൊണ്ടുതന്നെ കാര്‍ഷികരംഗത്തെ ചലനങ്ങളെ ചിലര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണെന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ വാര്‍ത്ത. അമേരിക്കയുടെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (യുഎസ് എന്‍വെറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി)യുടെ പഠന-ഗവേഷണ നിഗമനപ്രകാരം കീടനാശിനികള്‍ മനുഷ്യനെ ദുര്‍ഗതിയിലെത്തിക്കുന്ന കാന്‍സര്‍ രോഗം ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്നാണ്. പ്രായം, ഭക്ഷണശീലം, പാരമ്പര്യമായി കാന്‍സര്‍ വരുന്നതിന്റെ ചരിത്രം, ലൈഫ് സ്റ്റൈല്‍ എന്നിവകൂടി രോഗം വരുന്നതിനുള്ള ഘടകങ്ങളാണെന്നു മാത്രം. കാന്‍സറിന്റെ സാധ്യത കൂടാതെ മറ്റ് ഏഴ് അസുഖങ്ങള്‍ കൂടി കീടനാശിനികള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റോക്രൈന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യമാണ് അതില്‍ ഒന്ന്. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും മനുഷ്യശരീരത്തിലെത്തുന്ന കീടനാശിനികള്‍ ഈ പ്രശ്‌നത്തിന് വഴിവയ്ക്കുന്നുണ്ട്. ഇത് മനുഷ്യന്റെ പ്രത്യേകിച്ചും ആണുങ്ങളുടെ ലൈംഗികശേഷി ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കാര്‍ഷിക കീടനാശിനികള്‍ ടെസ്റ്റോസ്റ്റീറോണ്‍, മറ്റ് എന്റട്രോജനുകള്‍ (പുരുഷന്റെ ലൈംഗിക ശേഷിയ്ക്ക് അത്യാവശ്യമായ രാസപദാര്‍ത്ഥങ്ങളാണിവ) എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കീടനാശിനികള്‍ സ്ത്രീയുടെയും പുരുഷന്റെയും ഷണ്ഡത്വത്തിന് കാരണമാകുന്നുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ചില കീടനാശിനികള്‍ പുരുഷന്റെ ബീജ ഉല്‍പ്പാദനത്തെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന പുരുഷന്മാരിലാണ് കീടനാശിനി മൂലമുള്ള ഈ പ്രശ്‌നങ്ങള്‍ ആഗോളതലത്തില്‍തന്നെ കണ്ടുവരുന്നത്. ചില കീടനാശിനികള്‍ പ്രത്യേകിച്ചും പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്നവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെപ്പോലും ഗുരുതരമായി ബാധിക്കുന്നുണ്ടത്രെ! ഈ രാസപദാര്‍ത്ഥങ്ങള്‍ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം മനുഷ്യന്റെ സംസാരശേഷിയും അക്ഷരങ്ങള്‍, നിറങ്ങള്‍, അക്കങ്ങള്‍ എന്നിവ തിരിച്ചറിയുവാനുള്ള ശേഷിയും നഷ്ടമാകുന്നു. പൂന്തോട്ടങ്ങളില്‍ നിരന്തരമായി ഉപയോഗിക്കുന്ന ചില കീടനാശിനികളാണ് ഈ പ്രശ്‌നത്തിന് ഉത്തരവാദി. ജനിതക വൈകല്യങ്ങളോടെയുള്ള ശിശുജനനമാണ് കീടനാശിനി മൂലമുള്ള മറ്റൊരു പ്രശ്‌നം. പൂന്തോട്ടങ്ങളിലെ കീടങ്ങളെ നശിപ്പിക്കുന്നതിനും ഉറുമ്പ്, ഈച്ച, കൊതുക് എന്നിവയെ കൊല്ലുവാന്‍ നിരന്തരം ഉപയോഗിക്കുന്ന സ്‌പ്രേകളാണ് ജനനതകരാറിന് പ്രധാന കാരണമാകുന്ന കീടനാശിനികള്‍. അംഗവൈകല്യം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കും ഇവ കാരണമാകുന്നുണ്ട്. കീടനാശിനി സ്‌പ്രേകള്‍ സ്ത്രീകള്‍, പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിന് തര്‍ക്കമില്ല. ചില കര്‍ഷകരില്‍ കീടനാശിനികള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണുണ്ടാക്കുന്നത്. തുമ്മല്‍, ചുമ, ആസ്മ എന്നീ അസുഖങ്ങള്‍ കീടനാശിനികളുടെ നിരന്തരമായ ഉപയോഗം മൂലം ഉണ്ടാകുന്ന അസുഖങ്ങളാണ്. കീടനാശിനി പ്രയോഗം നടത്തുമ്പോള്‍ രാസപദാര്‍ത്ഥങ്ങള്‍ വായിലൂടെയും കണ്ണിലൂടെയും മൂക്കിലൂടെയും ത്വക്കിലൂടെയും ശരീരത്തിലെത്തുന്നതുകൊണ്ടാണ് കര്‍ഷകര്‍ രോഗികളാകുന്നത്. ശരീരഭാഗങ്ങള്‍ മൂടിവയ്ക്കാതെ കീടനാശിനി തളിക്കുന്നതുകൊണ്ടാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നത്. ചില കീടനാശിനികളിലെ രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഭക്ഷ്യവസ്തുക്കളിലൂടെ കീടനാശിനിയുടെ അംശം കുടലിലെത്തുന്നതുമൂലം അത് രക്തത്തില്‍ വേഗമെത്തുന്നതിന് കാരണമാകുന്നു. രക്തം ശരീരത്തിലെ അവയവങ്ങളിലേയ്ക്ക് പമ്പ് ചെയ്യുന്നതോടെ കീടനാശിനി കലര്‍ന്ന രക്തം കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതോടെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെക്കൂടി ബാധിക്കുവാന്‍ തുടങ്ങും. കീടനാശിനിയിലെ കോംബ്ലക്‌സ് (സങ്കീര്‍ണമായി)ആയ രാസപദാര്‍ത്ഥങ്ങള്‍ ത്വക്കില്‍ വീണാല്‍ തൊലി ചൊറിയാന്‍ തുടങ്ങും. തൊലിയിലൂടെ രാസപദാര്‍ത്ഥങ്ങള്‍ രക്തത്തിലെത്തുന്നതിനും തൊലിയില്‍ തടിച്ച് വീര്‍ക്കുന്നിനും തൊലിയിലെ വിരശല്യം പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടുതല്‍ കീടനാശിനിയുടെ അംശം തൊലിയിലൂടെ ശരീരത്തിലെത്തിയാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. നാഡീവ്യവസ്ഥയിലുണ്ടാകുന്ന കുഴപ്പങ്ങളാണ് കീടനാശിനികളുടെ മറ്റ് പ്രശ്‌നങ്ങള്‍. പാര്‍ക്കിന്‍സണ്‍ രോഗം വരുവാനുള്ള സാധ്യത കീടനാശിനികള്‍ മൂലം 70 ശതമാനം കൂടുതലാണ്. നാഡീവ്യവസ്ഥയുടെ തകരാറ് തളര്‍വാതത്തിനുപോലും കാരണമാകാറുണ്ട്. ശരീരഭാഗങ്ങളുടെ പരാലിസിസ് കീടനാശിനികള്‍ വരുത്തിവയ്ക്കുന്ന മറ്റൊരു സങ്കീര്‍ണ പ്രശ്‌നമാണ്. ചിലതരം കീടനാശിനികള്‍ ശരീരത്തിലെത്തുന്നത് 20 ശതമാനം മുതല്‍ 200 ശതമാനം വരെ പ്രമേഹം വര്‍ധിപ്പിക്കുവാന്‍ കാരണമാകുന്നുണ്ടത്രെ! കീടനാശിനി മൂലമുള്ള രോഗങ്ങള്‍ ഓരോ മനുഷ്യന്റെയും ശരീരപ്രകൃതി, പാരമ്പര്യം, കീടനാശിനി ശ്വസിക്കുന്ന സമയം, ശരീരത്തിലെത്തുന്ന കീടനാശിനിയുടെ വീര്യം, ലഭിക്കുന്ന ഡോസ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും ഒട്ടുമിക്ക ആളുകളിലും കീടനാശിനികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രക്താര്‍ബുദത്തിനു പുറമേ, കരള്‍, കിഡ്‌നി, ശ്വാസകോശം, പാന്‍ക്രിയാസ്, ത്വക്ക് എന്നിവിടങ്ങളിലാണ് കാന്‍സര്‍ സാധാരണ കണ്ടുവരുന്നത്. കീടനാശിനി മൂലം തലച്ചോറിന് കാന്‍സര്‍ ഉണ്ടാകുന്നതും വിരളമല്ല. വീടുകളില്‍ ഉപയോഗിക്കുന്ന കീടനാശിനികളാണ് കുട്ടികളില്‍ രക്താര്‍ബുദം ഉണ്ടാക്കുന്നത്. ചില കീടനാശിനികള്‍ പൊണ്ണത്തടിയ്ക്ക് കാരണമാകുന്നുണ്ട്. പൊണ്ണത്തടിയും പ്രമേഹവും ഇത്തരക്കാരില്‍ ഒരുമിച്ചുണ്ടാകും. 2,5 ഡൈക്ലോറോഫീനോള്‍ എന്ന കീടനാശിനിയാണ് ഈ രോഗത്തിന് പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അമ്മയിലൂടെ ഉള്ളില്‍ ചെല്ലുന്ന കീടനാശിനി ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്ന് 2010 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സസ്യാഹാരങ്ങളില്‍നിന്നും ശരീരത്തിലെത്തുന്ന കീടനാശിനികളേക്കാള്‍ കൂടുതല്‍ അളവിലും വീര്യത്തിലും മാംസ ആഹാരങ്ങളിലൂടെയാണ് ശരീരത്തിലെ വിവിധ അവയവങ്ങളിലെത്തുന്നത്. കോഴി, പോര്‍ക്ക്, പശു ഇറച്ചികളിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികള്‍ നിരവധിയാണ്. അതുകൊണ്ട് നാം വളരെ സൂക്ഷിക്കേണ്ട സമയമായിരിക്കുന്നു. മരണ വ്യാപാരികള്‍ കീടനാശിനി വില്‍പ്പനയുമായി കോടികളുടെ വരുമാനത്തിനായി വിവിധയിനം കീടനാശിനികളുമായി നമ്മുടെ കൂടെത്തന്നെയുണ്ട്. സ്വയം രക്ഷനേടുകയല്ലാതെ വേറെ പോംവഴികളില്ല. കീടനാശിനി പ്രശ്‌നം പരിഹരിക്കുവാനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനും സര്‍ക്കാര്‍ തുനിഞ്ഞിറങ്ങണം.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.