ടെമ്പോ ട്രാവലറും മിനിലോറിയും കൂട്ടിയിടിച്ച് 2 മരണം: 17 പേര്‍ക്ക് പരിക്ക്

Sunday 3 April 2016 10:50 pm IST

പൊയിനാച്ചി (കാസര്‍ഗോഡ്): വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും പള്ളിക്കരയില്‍ നിന്നും ബോവിക്കാനത്ത് വയനാട്ടുകുലവന്‍ തെയ്യം കാണാന്‍ പോയി തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയില്‍ പൊയിനാച്ചിക്കടുത്ത് മയിലാട്ടി പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം നടന്നത്. ടെമ്പോ ട്രാവലറില്‍ യാത്ര ചെയ്യുകയായിരുന്ന ചെറുവത്തൂരിലെ യമഹ ഷോറും ജീവനക്കാരന്‍ മടിയവയല്‍ പിലിക്കോട്ടെ കെ.അജിത് (21), ബേക്കല്‍ പള്ളിക്കര മഠത്തിലെ ശരത് (22) എന്നിവരാണ് മരിച്ചത്. ടെമ്പോ ട്രാവലറില്‍ യാത്രചെയ്യുകയായിരുന്ന ഡ്രൈവര്‍ റാഫി, മഹമൂദ്, സുമിത, രമ്യ, രേഷ്മ, ഷാജി, അഖില്‍ (20), ശരത് എന്നിവര്‍ക്കും മിനിലോറിയിലുണ്ടായിരുന്ന സതീഷ് (25), സുധീഷ് കുമാര്‍ (19), സുജിത് (20), പ്രമോദ് (21), ജ്യോതിഷ് (20), ഷൈജു, സുനില്‍, വിശ്വന്‍, രാജേഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥന്‍, സുജിത്, സുനില്‍കുമാര്‍, മുഹമ്മദ് റാഫി, ശരത്, പ്രമോദ്, ഷൈജു, സുജിത, രമ്യ എന്നിവരെ മംഗലാപുരത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രാകേഷ്, രേഷ്മ, ഷാജി എന്നിവര്‍ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലും സതീഷ്, സുധീഷ്, അജിത് എന്നിവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ചെറുവത്തൂരിലെ യമഹ ഷോറും ജീവനക്കാര്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു അജിത്. മടങ്ങുമ്പോഴാണ് അപകടം. പിലിക്കോട്ടെ പത്മനാഭന്റെയും മാധവിയുടേയും മകനാണ് അജിത്. സഹോദരങ്ങള്‍: രാജേഷ്, തമ്പാന്‍, ബേബി. പള്ളിക്കര മഠത്തിലെ പുരുഷുവിന്റെയും സുന്ദരിയുടേയും മകനാണ് ശരത്. ഏക സഹോദരന്‍: പ്രവീണ്‍ കുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.