കാട്ടാക്കട: ക്വട്ടേഷന്‍ സംഘം വെട്ടി കൊലപ്പെടുത്തിയ വ്യാപാരി ചന്ദ്രന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ വൈകിട്ട് സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കാട്ടാക്കട ആമച്ചലില്‍ മുറുക്കാന്‍ കട നടത്തിയിരുന്ന ആമച്ചല്‍ ചന്ദ്രമംഗലം സാനി ഭവനില്‍ ചന്ദ്രന് (63) നെ കഴിഞ്ഞ ഞായറാഴ്ച രാത്രി 10.45 നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിവീഴ്ത്തിയത്. കാലുകള്‍ക്കും കൈകള്‍ക്കും കഴുത്തിനും ആഴത്തില്‍ മുറിവേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രന് പിറ്റേന്ന് പുലര്‍ച്ചെ മരണമടഞ്ഞു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചന്ദ്രന്റെ മരണത്തോടെ രണ്ട് പെണ്മക്കളടങ്ങുന്ന നിര്‍ധന കുടുംബം വഴിയാധാരമായി. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നാളെ വൈകിട്ട് 6ന് കാട്ടാക്കട ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍, ജനറല്‍ സെക്രട്ടറി പേയാട് കാര്ത്തികേയന്, പഞ്ചായത്ത് പ്രസിഡന്റ് ജെ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: