ട്രെയിന്‍ യാത്രാക്കൂലി കൂട്ടാന്‍ ശുപാര്‍ശ

Tuesday 24 January 2012 12:08 am IST

ന്യൂദല്‍ഹി: റെയില്‍വേയുടെ എല്ലാ യാത്രാനിരക്കുകളിലും 25 ശതമാനം വര്‍ധനയ്ക്ക്‌ ശുപാര്‍ശ. നാണയപ്പെരുപ്പത്തെ യാത്രാനിരക്കുമായി ബന്ധപ്പെടുത്തി സാധാരണ ജനത്തെ ദുരിതത്തിലാക്കാനാണ്‌ കേന്ദ്രത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ സാം പിത്രോദ അധ്യക്ഷനായ റെയില്‍വേ ആധുനികവല്‍ക്കരണ സമിതിയാണ്‌ നിരക്കുകളില്‍ ഒറ്റത്തവണ വര്‍ധനയ്ക്ക്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. നഷ്ടത്തിലോടുന്ന റെയില്‍വേയ്ക്ക്‌ പുതുജീവന്‍ നല്‍കാനും അടുത്ത വര്‍ഷത്തോടെ 60,000 കോടി രൂപ സമാഹരിക്കുകയുമാണ്‌ നിരക്ക്‌ വര്‍ധനകൊണ്ട്‌ ലക്ഷ്യമിടുന്നതത്രെ. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന 9,13,000 കോടി രൂപയുടെ ആധുനികവല്‍ക്കരണത്തിനുള്ള വിഭവസമാഹരണത്തില്‍ ഈ തുക ഉള്‍പ്പെടുത്തും. യാത്രാ നിരക്കുകള്‍ 25 ശതമാനം കൂട്ടുന്നതുവഴി 37,500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന്‌ ആസൂത്രണ കമ്മീഷനെ പിത്രോദ സമിതി അറിയിച്ചു. ചരക്കുകൂലി ഉള്‍പ്പെടെ എല്ലാ വിധത്തിലുള്ള റെയില്‍വേ നിരക്കുകളും നാണയപ്പെരുപ്പവുമായി ബന്ധിപ്പിക്കുന്നതോടെ 25,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതേസമയം, നിരക്കുകള്‍ കൂട്ടുന്ന കാര്യത്തില്‍ റെയില്‍വേ മന്ത്രി ദിനേഷ്‌ ത്രിവേദിയും പാര്‍ട്ടി നേതാവ്‌ മമതാ ബാനര്‍ജിയും കടുത്ത അഭിപ്രായഭിന്നതയിലാണെന്നും പറയപ്പെടുന്നു. എന്നാല്‍, വരുന്ന റെയില്‍ ബജറ്റില്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ്‌ ത്രിവേദിയത്രെ. ലാഭകരമായ കമ്പനികളില്‍നിന്ന്‌ കൂടുതല്‍ ചരക്കുകൂലി ഈടാക്കാനുള്ള പുതിയ പദ്ധതിയും റെയില്‍വേ അവതരിപ്പിക്കും. ഈ പുതിയ മാതൃകയും 2012-13 ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. റെയില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്ര ധനമന്ത്രാലയവും ആസൂത്രണ കമ്മീഷനും റെയില്‍വേക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരികയാണ്‌. അധികഫണ്ട്‌ വേണമെന്ന റെയില്‍വേയുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തെ ധനമന്ത്രാലയം നിരസിക്കുകയും ചെയ്തു. നിരക്ക്‌ കൂട്ടി വരുമാനം കണ്ടെത്താനാണ്‌ ധനമന്ത്രാലയം റെയില്‍വേയോട്‌ ആവശ്യപ്പെട്ടിരിക്കുന്നതത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.