വിഭീഷണന്റെ ഉപദേശം

Monday 4 April 2016 8:50 pm IST

  ഈ ഘട്ടത്തില്‍ വിഭീഷണന്‍ രാവണനെ വണങ്ങിക്കൊണ്ടു പറഞ്ഞു ''ഹേ രാക്ഷസരാജാ, മഹാവീരാ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം. ബുദ്ധിരാമന്മാര്‍ നീതിക്കും ക്ഷേമത്തിനും അനുയോജ്യമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കണം. നമ്മുടെ കുലത്തിനു എന്താണ് ക്ഷേമകരം എന്ന് എല്ലാവരും ചേര്‍ന്ന് ആലോചിക്കണം. രാമനെ ജയിക്കാന്‍ ഈ മൂന്നുലോകത്തിലും ആരുണ്ട്? അങ്ങയുടെ മന്ത്രിമാരായ മത്തന്‍, ഉന്മത്തന്‍, പ്രഹസ്തന്‍, ജംബുമാലി എന്നിവര്‍ക്കോ, എന്തിന് ഇന്ദ്രനെ ജയിച്ച മേഘനാഥനോ രാമനോട് യുദ്ധം ചെയ്തു ജയിക്കാന്‍ കഴിയില്ല. രാമന്‍ മനുഷ്യനല്ല. ആരാണെന്നറിയാന്‍ നമുക്കാര്‍ക്കും കഴിവുമില്ല. രാമന്‍ ദേവേന്ദ്രനല്ല, അഗ്നിയല്ല, ചതുര്‍ദ്ദശമനുക്കളിലൊരാളായ വൈവസ്യതനുവല്ല. ദിക്പാലനായ നിര്യതിയല്ല, വരുണനല്ല, വായുവല്ല, കുബേരനല്ല. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരല്ലാ ആദിന്യന്മാരോ ഏകാദശ്യരുദ്രന്മാരോ അഷ്ടവസുക്കളോ അല്ല. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്കു കാരണഭൂതനായ സാക്ഷാല്‍ നാരായണനാണ്. പണ്ട് ഭൂമിയെ രക്ഷിക്കാന്‍ വരാഹമായവതരിച്ച് ഹിരണ്യാക്ഷനെ വധിച്ചതും ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാന്‍ നരസിംഹമായി വന്ന് ഹിരണ്യകശിപുവിനെ കൊന്നതും ഈ ഭഗവാന്‍ തന്നെ. മഹാബലിയുടെ ദര്‍പ്പം ശമിപ്പിക്കാന്‍ വാമനമൂര്‍ത്തിയായി വന്ന് മൂന്നടികൊണ്ട് ലോകത്രയത്തെ അളന്നുവാങ്ങി ഇരുപത്തിയൊന്നു തവണദുഷ്ട ക്ഷത്രിയവംശങ്ങളെയൊടുക്കാന്‍ ഭൃഗുരാമനായി വന്നതും ഇതേ മഹാവിഷ്ണുതന്നെ. അന്നന്ന് അസുരന്മാരെ നിഗ്രഹിക്കാന്‍ ഈ ഭഗവാന്‍ അവതരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ദശരഥപുത്രനായി അവതരിച്ചത് അങ്ങയെ വധിക്കാന്‍ തന്നെയെന്ന് ഓര്‍മ്മിച്ചുവെന്ന് സംശയിച്ചേക്കാം. സേവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന കരുണാകരനും ഭക്തപ്രിയനും പരനും പരമേശ്വരനുമാണ് ഈ രാമന്‍. എല്ലാ സുഖഭോഗങ്ങളും മുക്തിയും നല്‍കുന്നതും ഈ ഭഗവാന്‍തന്നെ. അതുകൊണ്ട് അവിടത്തെ പാദങ്ങളെ ഭക്തിയോടെ സേവിക്കുക. മൈഥിലിയെ തിരിയെകൊണ്ടുപോയി ആ പാദാംബുജങ്ങളില്‍ സമര്‍പ്പിച്ച് നമസ്‌ക്കരിക്കുക. തൊഴുതുകൊണ്ട് അപരാധം പൊറുത്തു രക്ഷിക്കണെയെന്നു പ്രാര്‍ത്ഥിക്കുക. അഭയം തേടുന്നവരോട് ഇത്രമാത്രം കൃപയുള്ള മറ്റാരുമില്ല. ഈ രാമന്റെ ശക്തിയെന്താണെന്ന് അങ്ങേക്കറിയില്ലേ?ബാലനായിരുന്നപ്പോള്‍ ഒരമ്പുകൊണ്ട് താടകയെ വധിച്ചു. സുബാഹുമുഖ്യന്മാരെ കൊന്ന് വിശ്വാമിത്രന്റെ യാഗരക്ഷചെയ്തു. തുക്കാലടിവച്ച് അഹല്യയുടെ പാപം തീര്‍ത്തു. ത്രൈയംബകം ഖണ്ഡിച്ച് സീതയെ പാണിഗ്രഹണംചെയ്തു. മാര്‍ഗരോധനം ചെയ്ത ഭാര്‍ഗവരാമന്റെ ദര്‍പ്പം ശമിപ്പിച്ചു. ദണ്ഡകാരണ്യത്തില്‍വച്ച് വീരന്മാരായ ഖരബാലിയെ ഒരമ്പിനാല്‍ വധിച്ചതലിയില്ലേ? അദ്ദേഹത്തിന്റെ ഭൃത്യനായ മാരുതി സമുദ്രം ചാടിക്കടന്ന് ആര്‍ക്കും കയറാനാകാത്ത ലങ്കയില്‍വന്ന് സീതയെ കണ്ടതും നമ്മുടെ വീരരാക്ഷസരെ കൊന്നതും ലങ്കയെ ഭസ്മമാക്കിയതും ഇപ്പോഴല്ലേ? അതിനാല്‍ സജ്ജനങ്ങളുമായി ശത്രുതവേണ്ട. സീതയെ മടക്കി നല്‍കുക. ബുദ്ധിഹീനന്മാരായ ഈ മന്ത്രിമാരുടെ വാക്കുകള്‍ അങ്ങയെ കൊല്ലിക്കാന്‍വേണ്ടിയുള്ളതാണ്. ദുര്‍ബലന്മാര്‍ പ്രബലന്മാരോട് മത്സരിക്കാന്‍ പോയാല്‍ പിന്നെ നാടും, നഗരവും, സേനയും തന്റെ പ്രാണനും നഷ്ടമാകും. ഇഷ്ടം പറഞ്ഞ് ആപത്തില്‍ ചാടിക്കുന്നവരാരും കഷ്ടകാലത്തു കൂടെക്കാണുകയില്ല. നമ്മുടെ തന്നെ ദുര്‍നയംകൊണ്ട് നമുക്കുണ്ടാകുന്ന ആപത്തകറ്റാന്‍ മറ്റാര്‍ക്കും കഴിയില്ല. അന്നേരത്ത് അതുവരെ സഹായികളായി നിന്നവര്‍ പ്രബലന്റെ പിന്നാലെ പോകും. അങ്ങു രാമശരമേറ്റു മരിക്കുന്നതിലുള്ള ദുഃഖംകൊണ്ടാണ് ഞാനിതൊക്കെപ്പറഞ്ഞ് സീതയെതിരിച്ചുകൊടുക്കുക. യുദ്ധം തുടങ്ങി പടയൊക്കെ നശിച്ച് ആരുമല്ലാതായിത്തീരുമ്പോള്‍ സീതയെ കൊടുത്തുകളയാമെന്നു വച്ചാന്‍ അന്നു നടക്കില്ല. മുമ്പിലേയുള്ളില്‍ വിചാരിച്ചുകൊള്ളണം വമ്പനോടേറ്റാല്‍ വരും ഫലമേവനും ശ്രീരാമനോടു കലഹം തുടങ്ങിയാലാരും ശരണമില്ലെന്നതറിയണം പങ്കജനേത്രനെ സേവിച്ചു വാഴുന്നു ശങ്കരനാദികളെന്നതുമോര്‍ക്കനീ വംശനാശം വരുത്താതിരിക്കാന്‍ സീതയെ രാമനു തിരിച്ചേല്‍പ്പിക്കുക എന്ന് വിനയപൂര്‍വം വീണ്ടും പറഞ്ഞ് വിഭീഷണന്‍ സുദീര്‍ഘമായ തന്റെ ഉപദേശം അവസാനിപ്പിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.