രോഗസാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ എം-ട്രിയാഗ് സംവിധാനം

Monday 4 April 2016 9:14 pm IST

മുഹമ്മ: രോഗസാധ്യത മുന്‍കൂട്ടി കണ്ടെത്തി അടിയന്തിര ചികിത്സ ലഭ്യമാക്കാനുള്ള എം-ട്രിയാഗ് സംവിധാനം വികസിപ്പിച്ചെടുത്ത ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മാരാരിക്കുളം സംഹതിയിലെത്തി. മാരകമായ പലരോഗങ്ങളിലേയ്ക്കും സാധാരണക്കാര്‍ വഴുതി വീഴാതിരിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എം ട്രിയാഗ്. പല സെന്‍സറുകള്‍ പിടിപ്പിച്ചിട്ടുള്ള ഉപകരണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ രോഗ വിവരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. യന്ത്രത്തിന്റെ പച്ച ബള്‍ബാണ് തെളിയുന്നതെങ്കില്‍ രോഗമില്ലെന്ന് മനസിലാക്കാം. മഞ്ഞയാണെങ്കില്‍ രോഗാരംഭത്തേയും ചുവപ്പ് രോഗത്തിന്റെ കാഠിന്യത്തെയും വ്യക്തമാക്കും. ഡോക്ടര്‍മാരുടെ സഹായമില്ലാതെ പരിശീലനം ലഭിച്ച നഴ്‌സിന് അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എം ട്രിയാഗിന് ഒന്‍പത് ലക്ഷം രൂപയാണ് വില. കിടപ്പ് രോഗികള്‍ക്ക് വര്‍ഷങ്ങളായി പരിചരണം നല്‍കുന്ന സംഹതി ആലപ്പുഴയുടെ തീരമേഖലകളില്‍ എം ട്രിയാഗ് ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസം മുതല്‍ആരംഭിക്കും. സംഹതിയുടെ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം ആറാഴ്ചക്കാലം ജര്‍മന്‍കാരിയായ ഡോ: ഡൊറോത്തിബുഷ്ചുമുണ്ടാകും. എം ട്രിയാഗ് പരിശോധന പദ്ധതി സായിമ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രവിമേനോന്‍ ഉദ്ഘാടനം ചെയ്തു. സംഹതി ഡയറക്ടര്‍ ഫാദര്‍ ആന്റണിജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംഹതി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ആനിഅഗസ്റ്റിന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.