തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ ഡിഎംകെ 41 സീറ്റിലൊതുക്കി

Monday 4 April 2016 10:11 pm IST

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ ഡിഎംകെ കോണ്‍ഗ്രസ്സിനെ 41 സീറ്റിലൊതുക്കി. കേരളത്തിനൊപ്പം മെയ് 16ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മൊത്തം 234 നിയമസഭ സീറ്റുകളാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കൊപ്പം 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇക്കുറി അത്രയും സീറ്റ് നല്‍കാനാവില്ലെന്ന ഡിഎംകെയുടെ കടുംപിടുത്തം കോണ്‍ഗ്രസ്സിന് അംഗീകരിക്കേണ്ടിവന്നു. കുണാനിധിയുടെ വസതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയിലാണ് സീറ്റുവിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. കരുണാനിധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതില്‍ സന്തോഷമുണ്ട്. 41 സീറ്റുകളാണ് കോണ്‍ഗ്രസ്സിനുള്ളത്. ഭൂരിപക്ഷം സീറ്റുകളും ഡിഎംകെയ്ക്കായിരിക്കും. മറ്റു സഖ്യകക്ഷികളുമായും ഡിഎംകെ സീറ്റ് പങ്കുവെക്കുന്നതാണെന്നും ഗുലാംനബി അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിനാവും അധികാരം ലഭിക്കുകയെന്ന് ഗുലാംനബി അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി എഐഎഡിഎംകെയ്ക്ക് തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഡിഎംകെ അധികാരത്തിലെത്താനാണ് കൂടുതല്‍ സാധ്യതയുള്ളതെന്നും ഗുലാംനബി കുട്ടിച്ചേര്‍ത്തു. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം ഒരുമിച്ച കോണ്‍ഗ്രസും ഡിഎംകെയും പിന്നീട് 2013ല്‍ ശ്രീലങ്കന്‍ തമിഴരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടഞ്ഞു. ഇതിനെ തുടര്‍ന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടായി മത്സരിച്ച് വന്‍ തിരിച്ചടി ഏറ്റുവാങ്ങി. ഇതേത്തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനമായത്. ഇത്തവണ 70 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് തുടക്കത്തില്‍ ആവശ്യപ്പെട്ടത്. പിന്നീടത് 40 എങ്കിലും മതിയെന്നാക്കി. എന്നാല്‍ 30 സീറ്റുകളേ നല്‍കാനാകൂ എന്ന് ഡിഎംകെ മറുപടി നല്‍കി. തുടര്‍ചര്‍ച്ചകളിലാണ് കോണ്‍ഗ്രസിന് 41 സീറ്റുകള്‍ നല്‍കാന്‍ തീരുമാനത്തിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.