മദ്യപിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പിടിയില്‍

Monday 4 April 2016 11:03 pm IST

ആലുവ: മദ്യപിച്ച് സര്‍വീസ് നടത്തിയ എട്ട് സ്വകാര്യ ബസുകളില്‍ നിന്നായി എട്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 16പേര്‍ ജീവനക്കാര്‍ പൊലീസിന്റെ പിടിയിലായി. ബസുകളെല്ലാം കസ്റ്റഡിയിലെടുത്ത പൊലീസ് പകരം ജീവനക്കാരെത്തിയ ശേഷം വിട്ടുനല്‍കി. അറസ്റ്റിലായവരില്‍ മഹേഷ് ചന്ദ്രന്‍, ഗോപകുമാര്‍, സുരേന്ദ്രന്‍, ഗ്രേറ്റര്‍, ബിജു, ലാലു, ജോബി എന്നീ ഡ്രൈവര്‍മാരും ബാക്കിയുള്ളവര്‍ കണ്ടക്ടര്‍മാരുമാണ്. ബ്രെത്ത് അനലൈസറും ആല്‍ക്കോമീറ്ററും ഉപയോഗിച്ച് ബാങ്ക് കവലയില്‍ രണ്ടിടത്തും പുളിഞ്ചോടിലുമായിരുന്നു പരിശോധന. തലേന്ന് കഴിച്ചതിന്റെ ഗന്ധമാണെന്ന് പറഞ്ഞ് ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ എട്ട് മണി വരെ ആലുവ സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. ബസുകള്‍ കസ്റ്റഡിയിലെടുത്ത ശേഷം ഉടമകളെ വിവരമറിയിച്ച് പകരം ജീവനക്കാരെത്തിയ ശേഷം വിട്ടുനല്‍കുകയായിരുന്നു. അതിനാല്‍ ബസ് സര്‍വീസുകളെ നടപടി കാര്യമായി ബാധിച്ചില്ല. ഞായറാഴ്ചകളില്‍ വൈകിട്ടുള്ള സര്‍വീസ് റദ്ദാക്കുന്നതിനെതിരെയും യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെയും വ്യാപക പരാതിയുണ്ടായിരുന്നു. ആലുവയില്‍ ബസ് ജീവനക്കാര്‍ മദ്യപിച്ച് സര്‍വീസ് നടത്തുന്നുവെന്ന് ആക്ഷേപം വ്യാപകമായുണ്ട്. പിടിയിലായവരുടെ ഡ്രൈവിംഗ് ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സും ബസ് പെര്‍മിറ്റും സസ്‌പെന്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ആലുവ സ്വകാര്യ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന റാക്കറ്റ് തന്നെയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഇടപാടുകാരായി മാത്രമല്ല, വില്‍പ്പനക്കാരായും ചില ബസ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി സ്റ്റാന്റില്‍ ബസ് പാര്‍ക്ക് ചെയ്ത് ബസില്‍ തന്നെ ഉറങ്ങുന്നവര്‍ മിക്കവാറും മദ്യത്തിനും കഞ്ചാവിനും അടിമയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വകാര്യ ബസുകളിലെ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. എസ്.ഐ ഹണി കെ. ദാസ്, എസ്.ഐമാരായ ഷാരോണ്‍, അരുണ്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.