സംഘശിക്ഷാവര്‍ഗ്ഗുകള്‍ക്ക് തുടക്കം

Tuesday 5 April 2016 4:06 am IST

തൃശൂര്‍/പാലക്കാട്: ആര്‍എസ്എസിന്റെ പ്രഥമവര്‍ഷ-ദ്വതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗുകള്‍ക്ക് തുടക്കം. പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പ്രഥമ വര്‍ഷ വര്‍ഗ്ഗില്‍ സംസ്ഥാനത്തെ എല്ലാജില്ലകളില്‍ നിന്നുമായി ആയിരത്തോളം ശിക്ഷാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. കോവിലകം ഗ്രൂപ്പ് എംഡി കെ.ജയകൃഷ്ണന്‍ വര്‍ഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ഗ്ഗ് അധികാരി എം.ബി. മോഹനചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാന്തസംഘചാലക് പിഇബി മേനോന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ഗ് 23ന് സമാപിക്കും. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടക്കുന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് പാലക്കാട് ദയാനന്ദാശ്രമത്തിലെ സ്വാമി കൃഷ്ണാത്മാനന്ദ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തിന്റേയും രാഷ്ട്രത്തിന്റെയും രക്ഷയ്ക്ക് യുവാക്കള്‍ മുന്നോട്ടു വരണമെന്നും രാഷ്ട്രരക്ഷക്കായി ജീവിതം സമര്‍പ്പിച്ചവരാണ് സ്വയംസേവകരെന്നും സ്വാമി കൃഷ്ണാത്മാനന്ദ പറഞ്ഞു. ഇത്തരം ശിക്ഷാവര്‍ഗ്ഗിലൂടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക മാത്രമല്ല സമൂഹത്തെ മൂല്യച്യുതിയില്‍ നിന്നും രക്ഷിക്കുവാനുള്ള കഴിവും ലഭിക്കും. സ്വയംസേവകന്റെ ധര്‍മ്മബോധം എന്നും ഉണര്‍ന്നിരിക്കണം. മോദിയുടെ ഭരണം വന്നതിനുശേഷം ഭാരതത്തില്‍ മാറ്റം വന്നു. ലോകമെമ്പാടും സംഘത്തിന്റെ തരംഗം ഉണര്‍ന്നിരിക്കുകയാണ്. ഇത്തരം നല്ല നേതാക്കന്മാരെ വാര്‍ത്തെടുക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ധര്‍മ്മബോധം, ഉത്തരവാദിത്വം എന്നിവയുള്ള നല്ല നേതാക്കന്മാരുണ്ടാവണം. സ്വയംസേവകര്‍ മറ്റുള്ളവര്‍ക്ക് എന്നും മാതൃകയാവണം. എന്താണ് ഒരു സ്വയംസേവകന്റെ ഉത്തരവാദിത്വം എന്നത് സംഘശിക്ഷാവര്‍ഗ്ഗ് പോലുള്ള ശിബിരങ്ങളില്‍ നിന്ന് ലഭിക്കും. ഹൈന്ദവ ധര്‍മ്മത്തിന്റെയും ഭാവി ശോഭനമാവാന്‍ സ്വയം സേവകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിനിര്‍മ്മാണത്തിലൂടെ മാത്രമേ രാഷ്ട്രനിര്‍മ്മാണം സാധ്യമാകൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ അഖിലഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്‍ പറഞ്ഞു. എന്താണ് ശാഖ, സംഘപ്രവര്‍ത്തനം, കാര്യകര്‍ത്താവ്, കര്‍ത്തവ്യം തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആദര്‍ശത്തിന് വേണ്ടി ജീവിക്കണമെന്നും ജീവിതത്തില്‍ മറ്റുള്ളവരുടെ സൗകര്യത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഗ അധികാരി എം.മുകുന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് പി.ശശീന്ദര്‍ സ്വാഗതം പറഞ്ഞു. സഹപ്രാന്തപ്രചാരക് സുദര്‍ശന്‍, ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ എന്നിവര്‍ പങ്കെടുത്തു. 250ഓളം ശിക്ഷാര്‍ത്ഥികള്‍ വര്‍ഗ്ഗില്‍ പങ്കെടുക്കുന്നുണ്ട്. 24ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.