'മതാന്ധതയില്‍ നിന്ന് ധര്‍മ്മബോധത്തിലേക്ക് '; മഹാഭാരതം ധര്‍മ്മരക്ഷാസംഗമം നാളെ

Tuesday 5 April 2016 4:11 am IST

കോഴിക്കോട്: 'മതാന്ധതയില്‍ നിന്ന് ധര്‍മ്മബോധത്തിലേക്ക്' എന്ന സന്ദേശവുമായി ഹൈന്ദവ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാസമ്മേളനം മഹാഭാരതം ധര്‍മ്മരക്ഷാസംഗമം നാളെ കോഴിക്കോട് കടപ്പുറത്ത് സ്വാമി ദയാനന്ദ സരസ്വതി നഗറില്‍ നടക്കും. ആറിന് വൈകിട്ട് അഞ്ചിന് യോഗ ഗുരു ബാബാ രാംദേവ് മഹാഭാരതത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ എല്ലാ നദികളില്‍ നിന്നും ശേഖരിച്ച ജലം കുംഭത്തിലാക്കി പൂജിച്ച ശേഷം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ജനലക്ഷങ്ങളെ അനുഗ്രഹിച്ച് പ്രോക്ഷണം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി സംഗമത്തെ അഭിസംബോധന ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷ ഭാഷണം നടത്തും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, അമൃതാനന്ദമയീമഠം ആചാര്യന്‍ സ്വാമി അമൃതകൃപാനന്ദപുരി, ചിന്മയ മിഷന്‍ കേരളഘടകം തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, കോഴിക്കോട് ശാരദാമഠം ആചാര്യ പ്രവ്രാജിക മാതൃക പ്രാണാ മാതാജി തുടങ്ങി കേരളത്തിലെ എല്ലാ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിശ്രേഷ്ഠന്മാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്(യോഗക്ഷേമസഭ), എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍(കെപിഎംഎസ്), എം. ടി. വിശ്വനാഥന്‍, എ.കെ.ബി. നായര്‍, ഒളിംപ്യന്‍ പി.ടി. ഉഷ തുടങ്ങി അറുപതില്‍പരം ആദ്ധ്യാത്മിക സാംസ്‌കാരിക സാമുദായിക സംഘടനാ നേതാക്കള്‍ ആശംസാപ്രസംഗം നടത്തും. കോഴിക്കോട് മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംഗമപ്രമേയം അവതരിപ്പിക്കും. തിരുവനന്തപുരം കളരിയില്‍ ധാര്‍മികം ആചാര്യന്‍ സ്വാമി ധര്‍മ്മാനന്ദ ഹനുമദ്ദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചിന്മയ മിഷന്‍ കോഴിക്കോട് കേന്ദ്രം ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദ ചൈതന്യ സന്ന്യാസിവര്യന്മാരെ പരിചയപ്പെടുത്തും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആദ്ധ്യാത്മിക ആചാര്യന്മാരെയും സാമുദായിക സംഘടനാ നേതാക്കളെയും പരിചയപ്പെടുത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ സ്വാഗതവും കണ്‍വീനര്‍ എന്‍.പി. സോമന്‍ നന്ദിയും പറയും. നാളെ പുലര്‍ച്ചെ 5.30ന് ഡോ. കാരുമാത്ര വിജയന്‍ തന്ത്രി, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് ധര്‍മ്മരക്ഷാസംഗമത്തിനു തുടക്കമാവുക. രാവിലെ 6.30 മുതല്‍ 8.30 വരെ പുതിയാപ്പ ഭജന്‍ സമിതി ഭജന അവതരിപ്പിക്കും. 8.30ന് പ്രമുഖവ്യക്തികളുടെ സാന്നിധ്യത്തില്‍ ഇടുക്കി കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്കുശേഷം മൂന്ന് മുതല്‍ 3.30 വരെ മാതാഅമൃതാനന്ദമയീ മഠം ഭജനസമിതി ഭജന ആലപിക്കും. 3.30 മുതല്‍ 3.45 വരെ വയനാട് വനവാസിസംഘം അവതരിപ്പിക്കുന്ന കലാപരിപാടി അരങ്ങേറും. 3.45 മുതല്‍ 4.15 വരെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 4.15 മുതല്‍ 4.30 വരെ മഹാഭാരതത്തെ അടിസ്ഥാനമാക്കി കനകദാസ് പേരാമ്പ്ര സംവിധാനം നിര്‍വഹിച്ച ദൃശ്യാവിഷ്‌കാരം അരങ്ങേറും. 4.30ന് കടല്‍ത്തീരത്ത് സന്ന്യാസിവര്യന്മാരും ഹൈന്ദവ സാംസ്‌കാരിക സാമുദായിക നേതാക്കന്മാരും അണിനിരക്കുന്ന സമുദ്രവന്ദനം നടക്കും. തീരക്കടലില്‍ ബോട്ടുകളിലെത്തുന്നവരും സമുദ്രവന്ദനത്തില്‍ പങ്കെടുക്കും. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തിലേറെപ്പേര്‍ ധര്‍മ്മരക്ഷാസംഗമത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.