സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി തൈക്കാട്ടുശേരി റോഡില്‍ യാത്രാ ദുരിതം

Tuesday 5 April 2016 8:40 pm IST

തുറവൂര്‍: പമ്പ പാതയുടെ ഭാഗമായ തൈക്കാട്ടുശേരി പാലത്തിലൂടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസുകള്‍ മുന്നറിയിപ്പില്ലാതെ നിറുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.വിവിധ സമയങ്ങളിലായി മൂന്ന് സ്വകാര്യബസുകള്‍ തൈക്കാട്ടുശേരി എംഎല്‍എ റോഡു വഴിയും ഒരു ബസ് മാക്കേക്കടവു വഴിയും സര്‍വീസ് നടത്തിയിരുന്നു. എറണാകുളം അരൂര്‍ മേഖലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ തുറവൂരിലെത്തി ഇതുവഴിയുള്ള ബസുകളെ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്. പാലം വഴിയുള്ള ബസുകള്‍ ഓട്ടം നിറുത്തിയതോടെ ജോലിക്കു പോകുന്നവരും മടങ്ങി വരുന്നവരുമായ യാത്രക്കാര്‍ ഇരുപത്തഞ്ചോളം കീലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പാലത്തിന്റെ ഉദ്ഘാടന സമയത്തു തന്നെ ഇതുവഴി സര്‍ക്കുലര്‍ ബസുകളടക്കമുള്ള സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് നാല് സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ പല ബസുകളും പതിവായി സര്‍വീസ് മുടക്കുകയും പാലത്തിനപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു അരൂരിലെ വ്യവസായ മേഖലയിലും എറണാകുളത്തും ജോലിക്കു പോകുന്ന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകള്‍ ആശ്രയിച്ചിരുന്ന സര്‍വീസുകളാണ് പൊടുന്നനെ നിറുത്തിയത്. എറണാകുളം,ആലുവ,കളമശേരി,തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് തൈക്കാട്ടുശേരി, മാക്കേക്കടവ്്, തവണക്കടവ്, വൈക്കം എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സര്‍വീസുകള്‍. നിറുത്തിയ സ്വകാര്യ ബസുകള്‍ക്കൊപ്പം കൂടുതല്‍ കെ.എസ്.ആര്‍.ടിസി ബസുകളും സര്‍ക്കുലര്‍ സര്‍വീസുകളും ആരംഭിക്കണമെന്ന് തുറവൂര്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.