സ്ഥാനാര്‍ത്ഥി നിര്‍ണയം മാണികോണ്‍ഗ്രസിന് തിരിച്ചടിയായേക്കും

Tuesday 5 April 2016 8:52 pm IST

കോട്ടയം: വിമതര്‍ തലപൊക്കിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരള കോണ്‍ഗ്രസ്സ് (എം)ന് തിരിച്ചടിയായേക്കും. യുവനേതാക്കള്‍ക്ക് അവസരം നിഷേധിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റുനല്‍കിയതിലൂടെ യുവതലമുറയെ പാര്‍ട്ടി മറക്കുന്നുവെന്നാണ് യുവാക്കളുടെ ആക്ഷേപം. യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പൂഞ്ഞാറില്‍ വിമതനായി മത്സരിക്കുമെന്നാണ് സൂചന. ഇന്നലെ ചില ദൃശ്യമാധ്യമങ്ങള്‍ക്ക് കോട്ടയത്ത് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത് പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി പല മണ്ഡലങ്ങളിലും വിമതനീക്കം നടക്കുന്നുണ്ട്. കാലങ്ങളായി ചങ്ങനാശ്ശേരി മണ്ഡലം കൈയടക്കി വച്ചിട്ടുള്ള സി.എഫ്. തോമസിന് വീണ്ടും സീറ്റ് നല്‍കിയതില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബ് മൈക്കിള്‍ നേരത്തേ തന്നെ ഫെയ്‌സ്ബുക്കിലൂടെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ ചുവരെഴുത്തുവരെ ആരംഭിച്ചതാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സി.എഫ്. തോമസിന് സീറ്റ് നല്‍കിയത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം. തിരുവല്ലയില്‍ കോണ്‍ഗ്രസ്സിന്റെ താത്പര്യം അവഗണിച്ച് വിക്ടര്‍ ടി. തോമസിനെ തഴഞ്ഞ്് ജോസഫ് .എം . പുതുശ്ശേരിക്ക് സീറ്റു നല്‍കിയതില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ളില്‍ അതൃപ്തിയുണ്ട്. വി.എം. സുധീരന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സ്വീകരണ സമ്മേളനത്തില്‍ ജോസഫ് എം പുതുശ്ശേരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയതില്‍ രാജ്യാസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പുതുശ്ശേരിയുമായുള്ള പി.ജെ. കുര്യന്റെ വിരോധം തീര്‍ക്കാന്‍ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുമെന്നാണ് ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ വെളിപ്പെടുത്തല്‍. നാലു ടേം ജനപ്രതിനിധി ആയിരുന്നിട്ടും ഏറ്റുമാനൂരില്‍ എടുത്തുപറയാന്‍ കഴിയുന്ന വികസനം ഒന്നും നടത്തിയിട്ടില്ലാത്ത മുന്‍ എംഎല്‍എ തോമസ് ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് വിയോജിപ്പുണ്ട്. ഈ മണ്ഡലം കോണ്‍ഗ്രസ്സിന് വിട്ടുനല്‍കണമെന്ന ആവശ്യം ഡിസിസി നേതൃത്വം നേരത്തെ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുമൂലം തന്റെ വിശ്വസ്തനായ ചാഴികാടനെ കടുത്തുരുത്തിയിലും മോന്‍സ് ജോസഫിനെ ഏറ്റുമാനൂരിലും മത്സരിപ്പിക്കാന്‍ മാണി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മോന്‍സ് തയ്യാറാകാതിരുന്നതാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ മാണിയെ നിര്‍ബ്ബന്ധിതനാക്കിയത്. ജോസ് പുത്തന്‍കാല, സ്റ്റീഫന്‍ ജോര്‍ജ്ജ് തുടങ്ങിയ മുതിര്‍ന്ന കേരള കോണ്‍ഗ്രസ്സ് നേതാക്കളുടെ ശക്തമായ എതിര്‍പ്പ് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ദുര്‍ബ്ബലനായ മുന്‍ എംപി സ്‌കറിയാ തോമസ് രംഗത്ത് എത്തിയതോടെ സിപിഎം സഹായത്താല്‍ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്നാണ് മോന്‍സിനെ പിന്തുണയ്ക്കുന്നവര്‍ കണക്കുകൂട്ടുന്നത്. നിലവിലുള്ള പതിനഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ്- എം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.