താഴേത്തട്ടിലെ കണക്കെടുപ്പ് പാളി ബിജെപി- ബിഡിജെഎസ് സഖ്യം: സിപിഎമ്മിന് ആശങ്ക ഒഴിയുന്നില്ല

Tuesday 5 April 2016 9:05 pm IST

ആലപ്പുഴ: ബിജെപിയും പുതുതായി രൂപീകരിച്ച ബിഡിജെഎസ്സുമായുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാധിക്കുക യുഡിഎഫിനെയായിരിക്കുമെന്ന് സിപിഎം പുറമേക്ക് പ്രചാരണം നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് ആശങ്കയേറെ. പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുകളില്‍ ഇത്തവണ വിളളലുകല്‍ ഉണ്ടാകുമെന്ന് തന്നെയാണ് സിപിഎം വിലയിരുത്തല്‍. എത്രമാത്രം വോട്ടുകള്‍ നഷ്ടമാകുമെന്ന് കണക്കെടുക്കാനായി നേരത്തെ തന്നെ രൂപീകരിച്ച ബൂത്തു കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ കണക്കെടുപ്പ് താഴേത്തട്ടില്‍ വേണ്ടത്ര വിജയിച്ചില്ല. ബിജെപി- ബിഡിജെഎസ് സഖ്യം ഓരോ ബൂത്തിലും നേടാന്‍ സാദ്ധ്യതയുള്ള വോട്ടുകളുടെ എണ്ണം, സിപിഎമ്മില്‍ നിന്ന് എത്രവോട്ടുകള്‍ നഷ്ടമാകും, എല്‍ഡിഎഫിലെ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള എന്‍ഡിഎയിലേക്കുള്ള വോട്ട് ചേര്‍ച്ച എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ മാര്‍ച്ച് 31നകം ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും ഭൂരിപക്ഷം സ്ഥലങ്ങളിലും നടപ്പായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ കാര്യമായ കണക്കെടുപ്പ് ഇനി സാദ്ധ്യമല്ലെന്ന നിലപാടിലാണ് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചില സ്ഥലങ്ങളില്‍ എസ്എന്‍ഡിപിക്ക് പ്രാദേശിക സഖ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയെങ്കിലും സിപിഎമ്മിന്റെ വോട്ടുകളില്‍ വന്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ എസ്എന്‍ഡിപി മുന്‍കൈയെടുത്ത് രൂപീകരിച്ച ബിഡിജെഎസിന്റെ പ്രവര്‍ത്തനം താഴേത്തട്ടില്‍ വരെ വ്യാപിച്ച സാഹചര്യത്തില്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പരമ്പരാഗത വോട്ടുകള്‍ എന്‍ഡിഎയിലേക്ക് എത്തുമെന്നാണ് സിപിഎം വിലയിരുത്തല്‍. ബിഡിജെഎസിന്റെ പ്രവര്‍ത്തന രംഗത്തുള്ളവരില്‍ ഭൂരിപക്ഷവും സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബങ്ങളില്‍പ്പെട്ടവരാണ്. കൂടാതെ കാലങ്ങളായി ഒതുക്കപ്പെട്ട വിഎസ് അനുകൂലികളും ബിഡിജെഎസിന്റെ പ്രവര്‍ത്തനരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ബൂത്തുതലത്തില്‍ ബിജെപി- ബിഡിജെഎസ് സഖ്യത്തിന്റെ സ്വാധീനം സംബന്ധിച്ച് കൃത്യമായ കണക്കെടുത്ത് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് സിപിഎം ലക്ഷ്യം. ബിഡിജെഎസ്- ബിജെപി സഖ്യത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഈഴവരാദി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പാര്‍ട്ടി നേതാക്കള്‍ക്ക് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കും. തുടക്കത്തില്‍ ബിഡിജെഎസിനെ അവഗണിച്ച് ദുര്‍ബ്ബലമാക്കുക എന്ന തന്ത്രം മാറ്റി കടന്നാക്രമിക്കുക എന്ന നിലയിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ സാഹചര്യത്തില്‍ സിപിഎം മാറിക്കഴിഞ്ഞു. ഇതിനായി ഇടത് അനുകൂലികളായ ബുദ്ധിജീവികളെയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരെയും കൂടുതലായി സിപിഎം പ്രചാരണരംഗത്തിറക്കും. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചു നിന്ന അതേ തന്ത്രങ്ങളാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.